gun

മംഗളൂരു: അനധികൃതമായി തോക്ക് കെെവശം വച്ചതിന് കർണാടകയിലെ മംഗളൂരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഉള്ളാലിലെ തലപ്പാടിയിൽ നിന്നാണ് പിസ്റ്റളുമായി കാറിൽ വരുമ്പോൾ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ (26), മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. മഞ്ചേശ്വരം സ്വദേശികളാണ് രണ്ടുപേരും. കറുത്ത വെർണ കാറിലാണ് ഇവർ മംഗളൂരുവിൽ സഞ്ചരിച്ചിരുന്നത്.

ഇവരുടെ കെെവശത്ത് നിന്ന് പിസ്റ്റളിനൊപ്പം രണ്ട് തിരകളും രണ്ട് മൊബെെൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കർണാടക പൊലീസ് അറിയിച്ചു.

മുഹമ്മദ് അസ്‌ഗർ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവയ്ക്കും ഉള്ളാൾ സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കും ബംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും അസ്‌ഗറിനെതിരെ കേസുകളുണ്ട്. പ്രതിക്കെതിരെ ആകെ ആറ് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് വിവരം.

വർക്കലയിൽ പത്ത് കിലോയോളം കഞ്ചാവ് പിടികൂടി

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും വർക്കല റെയിഞ്ച് പാർട്ടിയും ചേർന്നായിരുന്നു ഓപ്പറേഷൻ നടത്തിയത്.

വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് രാജേന്ദ്രൻ, ഉണ്ണി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെ കഞ്ചാവുവുമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ഡി എസ്. മനോജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ്‌ അലി,സുബിൻ, രജിത്ത്, അരുൺകുമാർ എം. എം, ബസന്ത് കുമാർ, രജിത് ആർ.നായർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാജീവ്‌ എന്നിവരും വർക്കല റെയിഞ്ച് ഇൻസ്‌പെക്ടർ സജീവും, പാർട്ടിയും റെയ്‌ഡിൽ പങ്കെടുത്തു.