മലപ്പുറം: കെ. സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് 29 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ ഗൂഡാലോചനയില്‍ കെ. സുധാകരന്‍ പങ്കാളിയാണെന്ന് പറഞ്ഞ് സി.പി.എം പ്രതിയാക്കിയത്. കെ. സുധാകരന്‍ 2016ൽ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഗൂഡാലോചനയില്‍ പങ്കില്ലെന്ന് കണ്ടത്തി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് അടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്നും സതീശൻ പറഞ്ഞു.
മനപൂര്‍വമായാണ് കെ. സുധാകരനെയും എം.വി രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ സി.പി.എം നടത്തിയ ഗൂഡാലോചനയായിരുന്നു ഇതെന്ന് വ്യക്തമായിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള ജയരാജന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ വളരെ വ്യക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അത് നിലനില്‍ക്കുമെന്നു തന്നെയാണ് കരുതുന്നത്. കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജയരാജന്‍ പറഞ്ഞതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് സംബന്ധിച്ച വിഷയത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സമര രംഗത്തിറങ്ങും. ഈ വിഷയം കഴിഞ്ഞ രണ്ടു വര്‍ഷവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതാണ്. എന്നിട്ടും ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. 50 പേര്‍ ഇരിക്കേണ്ട ക്ലാസിലാണ് 65 പേര്‍ ഇരിക്കുന്നത്. ഇത് കൂടാതെ ആറേഴ് പേരെ കൂടി ആ ക്ലാസില്‍ പ്രവേശിപ്പിച്ചു. ഇത്രയും കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുന്നത്. ഇത് ഗുണനിലവാരത്തെ ബാധിക്കും. സ്വകാര്യ മേഖലയില്‍ നിന്നും പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികള്‍ എത്തുന്നുവെന്ന് ഇപ്പോള്‍ ആരും പറയുന്നില്ലല്ലോ? സി.ബി.എസ്.ഇയില്‍ നിന്നും വരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. അപകടകരമായ നിലയിലേക്ക് പൊതുവിദ്യാഭ്യാസരംഗം പോകുകയാണ്. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ പ്രവേശന പ്രശ്‌നത്തിന് പരിഹാരമാകില്ല. ബാച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ സീറ്റുകളുടെ മാത്രം എണ്ണം കൂട്ടിയത് പരാജയമായിരുന്നെന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും വ്യക്തമായതാണ്. ഹയര്‍ സെക്കന്‍ഡറി ഗുണനിലവാരം ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എടുത്തത് തെറ്റായ തീരുമാനമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അത് തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കുട്ടികള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ ബാച്ചുകള്‍ കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അനുവദിച്ചാല്‍ സര്‍ക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ഒഴിവാക്കാം. എന്നിട്ടും ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറല്ല. മലപ്പുറത്ത് മാത്രമല്ല മറ്റു ജില്ലകളിലും സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ട്.
എന്തു പറഞ്ഞാലും അവര്‍ മലപ്പുറം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? മലപ്പുറത്തെ കുട്ടികള്‍ വലിയ വിജയം നേടുന്നത് കോപ്പിയടിച്ചതു കൊണ്ടാണെന്ന് പണ്ട് വി.എസ് അച്യുതാനന്ദനും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജില്ല ഇന്ന് വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുകയാണ്. ഇന്ത്യയിലെ പ്രശസ്തമായ പല കോളജുകളിലും ഈ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. അതിനെ അഭിമാനത്തോടെയാണ് നോക്കിക്കാണേണ്ടത്. അതിന് പകരം മറ്റൊരു രീതിയില്‍ കാണുന്നതിലൂടെ ബി.ജെ.പി ചെയ്യുന്ന അതേ പണി തന്നെയാണ് സി.പി.എമ്മും ചെയ്യുന്നത്. വടകരയിലും ഇതേ പണിയാണ് ചെയ്തത്. വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും കോണ്‍ഗ്രസും ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.