ravi-pillai

മലയാളി വ്യവസായികളിൽ ഏറ്റവും സമ്പന്നരായവരിൽ പ്രധാനപ്പെട്ടയാളാണ് രവി പിള്ള. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രവി പിള്ളയുടെ ബിസിനസ് സാമ്രാജ്യത്തിന് 250 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. സാധാരണ കുടുംബത്തിൽ ജനിച്ച രവി പിള്ള കോളേജ് പഠന കാലത്ത് കടം വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു ആദ്യ സംരംഭം ആരംഭിച്ചത്.

കൊച്ചിയിൽ എംബിഎ പഠിക്കുന്ന സമയത്ത് കരാർ ജോലികൾ ഏറ്റെടുക്കുന്ന ബിസിനസിലേക്കും കടന്നു. ശേഷം ഒരുപാട് വർക്കുകൾ ലഭിച്ചെങ്കിലും പിന്നീട് വിദേശത്തേക്ക് പോകുകായിരുന്നു. ഇപ്പോഴിതാ രവി പിള്ള താൻ എന്തുകൊണ്ടാണ് ബിസിനസ് ചെയ്യാൻ ഗൾഫ് രാജ്യം തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രവി പിള്ള ഇക്കാര്യം തുറന്നുപറയുന്നത്.

രവി പിള്ളയുടെ വാക്കുകളിലേക്ക്....
'എന്റെ ജീവിതത്തിലെ ഏക ആഗ്രഹം ഒരു ഗ്രാജ്വേറ്റ് ആകുക എന്നായിരുന്നു. അതിന് ശേഷമാണ് എംബിഎ പഠിക്കാൻ കൊച്ചിയിലേക്ക് പോകുന്നത്. അന്ന് ഈവിനിംഗ് കോഴ്സിൽ കൊച്ചിയിൽ എന്റെ കൂടെ കൊച്ചിൻ റിഫൈനറിയിൽ നിന്നും എഫ്എസിടിയിൽ നിന്നുമുള്ള എഞ്ചിനിയർമാരുണ്ടായിരുന്നു. അവരുമായുള്ള സൗഹൃദമാണ് കൺസ്‌ട്രെക്ഷൻ കോൺടാക്ടറായി ബിസിനസ് ആരംഭിക്കാൻ പ്രേരിപ്പിച്ചത്. അവരിൽ നിന്നാണ് ആ ബിസിനസിലെ ലാഭത്തെപ്പറ്റി മനസിലാക്കിയത്'

'അന്ന് ആദ്യത്തെ വർക്ക് കിട്ടിയത് കൊച്ചിൻ റിഫൈനറിയിൽ നിന്നാണ്. നമ്മൾ കോൺട്രാക്ട് എടുത്ത് സബ് കോൺട്രോക്ട് കൊടുക്കുകയാണ് ചെയ്തിരുന്നത്. നാല് മുതൽ അഞ്ച് ശതമാനം വരെ നമുക്ക് അന്ന് ലാഭം കിട്ടുമായിരുന്നു. അതിന് ശേഷമാണ് വെല്ലൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ വർക്ക് ലഭിച്ചത്. അതിന്റെ തറക്കല്ല് വരെ ഞാനായിരുന്നു ഇട്ടത്. അന്ന് ഇഷ്ടം പോലെ വർക്കുകൾ കിട്ടുമായിരുന്നു. പിന്നീട് മറ്റുള്ള കോൺട്രാക്ടർമാർ കാരണം കമ്പനിയിൽ ഒരു തൊഴിലാളി സമരം ഉണ്ടായി. അങ്ങനെ ആ വർക്ക് അവിടെ അവസാനിക്കേണ്ടി വന്നു. അങ്ങനെയാണ് ഞാൻ ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുന്നത്.'

'കേരളത്തിലെ എല്ലാ പരിപാടികളും അവസാനിപ്പിച്ച് ഗൾഫിലേക്ക് വന്നു. ഗൾഫിൽ പോകേണ്ട എന്ന ഒരു ആഗ്രഹമാണുണ്ടായിരുന്നത്. നാട്ടിൽ നിന്നാണ് അതിൽ കൂടുതൽ പൈസയുണ്ടാക്കാം എന്ന ധാരണ എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ, അത് തെറ്റാണെന്ന് പിന്നെ മനസിലായി. അതോടെ ബോംബെ വഴി ഗൾഫിലേക്ക് എത്തിപ്പെട്ടു. ബോംബെയിൽ നിന്നും പരിചയപ്പെട്ട ഒരാൾ മുഖാന്തരമാണ് സൗദി അറേബ്യയിലേക്ക് എത്തുന്നത്'- രവി പിള്ള പറഞ്ഞു.