കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പഴുത്ത ചക്കയ്ക്കും ആരാധകർ ഏറെയാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
രുചി മാത്രമല്ല ചക്കയെ ഇത്രയും ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം അതിന്റെ ആരോഗ്യ ഗുണങ്ങളാണ്. ചക്കയിൽ പലതരം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നതായി എല്ലാവർക്കും അറിയാം. എന്നാൽ കണ്ണിന്റെ ആരോഗ്യത്തിന് ചക്ക ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അധികമാർക്കും അറിയില്ല.
കാഴ്ചശക്തി കൂട്ടാൻ ചക്ക കഴിച്ചാൽ മതി. കണ്ണിന് ചക്ക എത്രത്തോളം നല്ലതാണെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രശസ്ത ഡയറ്റീഷ്യൻ ശ്വേത ജെ പഞ്ചൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ശ്വേത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കണ്ണിൽ കണ്ണാടി വയ്ക്കുന്നത് ഒഴിവാക്കാൻ ഈ പഴം കഴിക്കുമെന്നാണ് വീഡിയോയിൽ ആദ്യം പറയുന്നത്.
കണ്ണുകൾക്ക് ഗുണം
വിറ്റാമിൻ എ - വിറ്റാമിൻ എ നിറഞ്ഞ ഒന്നാണ് ചക്ക. ഡിജിറ്റൽ കാലത്ത് ലാപ്ടോപ്പിലും ഫോണിലും ടിവിലും മണിക്കൂറുകളോളമാണ് നാം ചെലവിടുന്നത്. ഇത് കണ്ണിന് വളരെ ദോഷമാണ്. എന്നാൽ ചക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കണ്ണിന് ആരോഗ്യം നൽകുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
റെറ്റിനയുടെ ഡീജനറേഷൻ തടയുന്നു - വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന ചക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ റെറ്റിനയുടെ ഡീജനറേഷൻ തടയുകയും കണ്ണിന്റെ ആരോഗ്യം കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
തെെറോയ്‌ഡ് ഹോർമോൺ - ഹെെപ്പോതെെറോയിഡിസമോ ഹെെപ്പർതെെറോയിഡിസമോ ഉള്ളവർ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. തെെറോയ്‌ഡ് ഹോർമോണിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ചെമ്പിന്റെ അംശ ചക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു.
അസ്ഥികളെ ശക്തിപ്പെടുത്തുന്നു - കാൽസ്യം മാത്രമല്ല ചക്കയിൽ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. വൃക്കകളിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് തടയാൻ പൊട്ടാസ്യത്തിന് കഴിയും. അതിലൂടെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം വർദ്ധിക്കും.