ജീവിത ചെലവ് നിത്യവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പണം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. ആരോഗ്യം, ധനം, മനസമാധാനം എന്നിവയാണ് ജീവിതത്തിൽ ഒരാൾക്ക് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ. വാസ്‌തു ശാസ്ത്രപ്രകാരം ഇതെല്ലാം നമുക്ക് നേടിത്തരാൻ കഴിവുള്ള ചില ചെടികളുണ്ട്. ഇവ വീട്ടിൽ വളർത്തിയാൽ അതിന്റെ ഫലം നിങ്ങൾക്ക് കിട്ടുന്നതാണ്. ഈ ചെടികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് ആരോടും പറയാനും പാടില്ല എന്നാണ് ശാസ്ത്രത്തിൽ പറയുന്നത്. നിങ്ങൾക്ക് പണവും ഐശ്വര്യവും കൊണ്ടുതരുന്ന ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. മണി പ്ലാന്റ്
പേര് പോലെ തന്നെ നിങ്ങളുടെ വീടുകളിൽ പോസിറ്റീവ് ഈർജം കൊണ്ടുവരാൻ മണി പ്ലാന്റ് സഹായിക്കും. കാണാൻ ഭംഗിയുള്ള ചെടിയായതിനാൽ ഇതിനെ വീടിനുള്ളിൽ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. ഇവ തെക്ക് - കിഴക്ക് ദിശയിൽ വളർത്തുന്നത് നല്ലതാണ്. ഇത് പ്രധാന വാതിലിന്റെ ഇരുവശത്തും വളർത്തുന്നതാണ് അത്യുത്തമം. മണി പ്ലാന്റ് താഴേക്ക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
2. മുള
സാമ്പത്തിക വളർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ വളർത്തേണ്ട ചെടിയാണിത്. മുള വളർത്തുന്നതിലൂടെ ദൃഷ്‌ടിദോഷം മാറും. തെക്ക് - കിഴക്ക് , തെക്ക് ദിശകളിൽ വളർത്തുന്നതാണ് ഉത്തമം. ഇതിലൂടെ വിളിദോഷം മാറി കുടുംബത്തിന് ഉയർച്ചയുണ്ടാകുന്നു.
3. മുല്ല
പണത്തെ ആകർഷിക്കാൻ കഴിവുള്ള ചെടിയാണിത്. നിങ്ങളുടെ വീടുകളിൽ വടക്ക്, പടിഞ്ഞാറ് ദിശയാണ് മുല്ല വളർത്താൻ ഉത്തമം. വീട്ടിൽ സ്‌നേഹവും ഐക്യവും വർദ്ധിക്കാനും ഇത് സഹായിക്കും.
4. തുളസി
തുളസി വളർത്തിയാൽ ആ വീട്ടിൽ ലക്ഷ്മീദേവിയുടെ കടാക്ഷം ഉണ്ടാകും. വടക്ക് , വടക്ക് - കിഴക്ക് എന്നീ ദിശകളിൽ വേണം തുളസിച്ചെടി നടാൻ. വീടിന്റെ ഈ ദിശയിൽ വളരുന്നുണ്ടെങ്കിൽ മറ്റ് ദിശകളിലും വളരുന്നതിൽ കുഴപ്പമില്ല. നെഗറ്റീവ് ഊർജം ഒരിക്കലും നിങ്ങളുടെ വീടുകളിലേക്ക് വരാതിരിക്കാൻ ഈ ചെടി സഹായിക്കുന്നു. മാത്രമല്ല, ഐശ്വര്യവും ധനപരമായ ഉയർച്ചയും കൊണ്ടുവരാൻ തുളസിച്ചെടിക്ക് കഴിയും. എന്നാൽ, തുളസിയുടെ അടുത്ത് മലിനജലം വരുന്നതും മഴവെള്ളം കെട്ടിക്കിടക്കുന്നതും വളരെയധികം ദോഷമാണ്.
ഈ ചെടികൾക്കെല്ലാം ദിവസവും വെള്ളമൊഴിക്കാൻ മറക്കരുത്. ശരിയായി പരിപാലിച്ചാൽ മാത്രമേ വിചാരിക്കുന്ന ഫലം ലഭിക്കുകയുള്ളു.