high-bp

ഉയര്‍ന്ന ബിപി അഥവാ രക്താതിസമ്മര്‍ദ്ദം നാം അത്രയ്ക്ക് കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത് നിശബ്ദനായ കൊലയാളി ആണെന്നുള്ള വസ്തുത മറക്കരുത്. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതിന് കാരണമായ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത് ബിപി തന്നെയാണ്. ബിപി അനിയന്ത്രിതമാകുമ്പോള്‍ അബോധാവസ്ഥയിലാവുക, ഓര്‍മ്മക്കുറവ്, ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.


ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങള്‍, വ്യായാമത്തിന്റെ അഭാവം, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് രക്താതിസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണം. ഉയര്‍ന്ന ബിപിയുടെ നിയന്ത്രണത്തിന് പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. ഒരു ദിവസത്തെ ഊര്‍ജ്ജത്തിന്റെയും പ്രോട്ടീനിന്റെയും മൂന്നിലൊന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്നായിരിക്കണം.


കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിവതും കുറച്ചു വയ്ക്കണം. ചുവന്ന ഇറച്ചികള്‍, എണ്ണയില്‍ വറുത്തു പൊരിച്ച വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉപ്പ് അധികമുള്ള ആഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കരുത്. ബിപി നിയന്ത്രിക്കാന്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, തക്കാളി, വാഴപ്പഴം, തണ്ണിമത്തന്‍, അണ്ടിപ്പരിപ്പുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.


രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് മത്സ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര, സാല്‍മണ്‍ എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പു കുറഞ്ഞ പ്രോട്ടീനും വളരെ ഗുണം ചെയ്യും. ആല്‍ഫാലിനോലെനിക് ആസിഡ് ധാരാളമായിട്ടുള്ള ഫ്‌ലാക്‌സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായിട്ടുണ്ട് ഇത് ബിപി നിയന്ത്രിച്ച് നിര്‍ത്തുന്നു. നാരുകള്‍ ധാരാളം അടങ്ങിയ ആഹാരം ഉള്‍പ്പെടുത്താം.

തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാട നീക്കിയ പാലും കൊഴുപ്പ് കുറഞ്ഞ പാലും ഉപയോഗിക്കാം. വെണ്ണ, നെയ്യ്, ചുവന്ന ഇറച്ചികള്‍, പ്രോസസ്സ്ഡ് ഫുഡ്‌സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില ഉയര്‍ത്തി ഉയര്‍ന്ന ബിപിക്കും ഹൃദയാഘാതത്തിനുമുള്ള സാദ്ധ്യത കൂട്ടുന്നു. ദിവസം ഇടനേര ആഹാരമായി പച്ചക്കറി സാലഡ് ഉള്‍പ്പെടുത്തണം. സവാളയിലുള്ള ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.


ദിവസവും 30 മിനിട്ട് വ്യായാമത്തിനായി നീക്കി വയ്ക്കാം. മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കാം. ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറക്കത്തിനായി മാറ്റിവയ്ക്കാം. ചിട്ടയായ ജീവിതചര്യയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പിന്തുടര്‍ന്ന് രക്താതിസമ്മര്‍ദ്ദത്തെ നമുക്ക് നിയന്ത്രിക്കാം.


പ്രീതി ആർ നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

SUT ഹോസ്‌പിറ്റൽ, പട്ടം