amritha

തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് കാരണം തന്റെ ഭർത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് പരാതി നൽകുകയായിരുന്നു.

ഭർത്താവ് നമ്പി രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് അമൃതയും മക്കളും മറ്റ് കുടുംബാംഗങ്ങളും രാവിലെ ഏഴുമണിയോടെ മന്ത്രി ശിവൻകുട്ടിയെ കണ്ടിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ പ്രതിപക്ഷ നേതാവ്, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവർക്കും നിവേദനം നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സഹായം നൽകണമെന്നും സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കണമെന്നും നിവേദനത്തിൽ പറയുന്നു.

എയർ ഇന്ത്യ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. മെയിൽ വഴി ആവശ്യം അറിയിക്കാനാണ് കമ്പനി നിർദേശിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് ഇ മെയിൽ അയച്ചതിന് പിന്നാലെയാണ് അമൃതയും കുടുംബവും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

ഈ മാസം ഏഴിനാണ് മസ്‌കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും എട്ടിന് രാവിലത്തെ എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയതായി അറിയുന്നത്. പിറ്റേന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല. ഭ‌ർത്താവിനെ പരിചരിക്കാനുള്ള അമൃതയുടെ യാത്ര അങ്ങനെ മുടങ്ങി.

വിവരമറിഞ്ഞ രാജേഷ്, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിലേക്ക് വരാമെന്ന് അറിയിച്ചിരുന്നു. നാളെ എത്താനിരിക്കയായിരുന്നു.13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്. രാജേഷിന്റെ സ്വദേശം മധുരയിലാണ്. ഒൻപതുവർഷമായി മസ്‌കറ്റിലാണ്. മൂത്തമകൾ അനിക ഇനി ഒന്നാം ക്ലാസിലാണ്. മകൻ ശൈലേഷ് എൽ.കെ.ജിയിലേക്കും. രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചതിന് പിന്നാലെ മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ എക്‌സ്‌‌പ്രസിന്റെ ഈഞ്ചക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. രാജേഷിന്റെ ഭാര്യാ പിതാവ് ഓഫീസിനുള്ളിലിരുന്നാണ് പ്രതിഷേധിച്ചത്. എയർ ഇന്ത്യ ജീവനക്കാരാരും ഇവരോട് സംസാരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

പണിമുടക്കിൽ പ്രതിസന്ധിയിലായ യാത്രക്കാരുടെ കൂട്ടത്തിലുള്ള അമൃതയുടെ വീഡിയോ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എങ്ങനെയെങ്കിലും പോയേ പറ്റൂ എന്നാണ് നിസഹായയായി അമൃത അന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനത്താവളത്തിൽ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് അപേക്ഷിച്ചുവെന്നാണ് അമൃതയുടെ അമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവർ നിറകണ്ണുകളോടെ പറഞ്ഞിരുന്നു.