athira

അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ തരംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ആദിവാസി ഊരിലെ ശരണ്യയുടെ മെറ്റേണിറ്റി ചിത്രങ്ങൾ. ഓറഞ്ചും മഞ്ഞയും ഗൗണുകളണിഞ്ഞ് അധികം മേക്കപ്പില്ലാതെ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ശരണ്യയുടെ ചിത്രങ്ങൾ മലയാളികൾ മറക്കില്ല. എന്നാൽ ഈ ചിത്രങ്ങൾ ക്യാമറ കണ്ണിലൂടെ പകർത്തിയ ആളെ അധികമാർക്കും അറിവുണ്ടാവുകയില്ല.

വയനാട് മാനന്തവാടി സ്വദേശിയായ ആതിര ജോയി എന്ന ഫോട്ടോഗ്രാഫറാണ് ആ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തിയത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് കേരള കൗമുദി ഓൺലെെനിനോട് ആതിര ജോയി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ശരണ്യയിൽ എത്തുന്നത്

മൂന്ന് വർഷത്തോളമായി ഞാൻ കരിയറിൽ ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ബ്രേക്കിന് ശേഷം തിരിച്ചുവരവാണ്. അത് വ്യത്യസ്തമാക്കണമെന്ന് തോന്നി. എന്റെ ഒരു അനിയത്തിയോട് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ കാര്യം പറഞ്ഞിരുന്നു. അവൾ ട്രൈബൽ പ്രൊമോട്ടർമാരോട് സംസാരിച്ച് കുറച്ച് പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചുതന്നു. അതിൽ നിന്നാണ് ഞാൻ ശരണ്യയെ തിരഞ്ഞെടുക്കുന്നത്. എന്റെ ആശയത്തിന് പറ്റിയ മുഖം ശരണ്യയുടെതായിരുന്നു. മുട്ടിൽ പഴശ്ശി പണിയ കോളനി സ്വദേശിയാണ് ശരണ്യ. ശരണ്യയുടെ കുടുംബവും ഫോട്ടോഷൂട്ടിന് എതിര് പറഞ്ഞില്ല. വസ്ത്രങ്ങൾ ഞാൻ ആണ് കൊണ്ടുപോയത്.

saranya

മൂന്നുമണിക്കൂർ

ഈ ഫോട്ടോഷൂട്ടിന് അനുവദിച്ച സമയം മൂന്ന് മണിക്കൂർ ആയിരുന്നു. അതിനുള്ളിൽ മേക്കപ്പ് എല്ലാം ചെയ്യണം. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളാണ് ശരണ്യ. ചെറിയ നാണവും പേടിയുമെല്ലാം ശരണ്യയ്ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടെ ക്രൂവിൽ അഞ്ച് പേരുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ. ചിരിപ്പിക്കാൻ ബാക്കി ക്രൂ അംഗങ്ങൾ ശരണ്യയുടെ നാല് വശത്തായി നിന്ന് കോമഡി പറയുമായിരുന്നു. ചിരിക്കുന്ന സമയം നോക്കി ഞാൻ ഫോട്ടോയെടുക്കും. അങ്ങനെയാണ് ഫോട്ടോഷൂട്ട് പൂർത്തിയാക്കിയത്.

saranya

തിരിച്ചുവരവ് ഗംഭീരം

ഈ ഫോട്ടോഷൂട്ടിലൂടെ എന്റെ തിരിച്ചുവരവ് ഗംഭീരമാക്കാൻ കഴിഞ്ഞു. എന്റെ ബ്രേക്കിന്റെ വിടവ് നികത്താൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞു. വീട്ടിലുള്ളവർക്കും സുഹൃത്തുകൾക്കും വളരെയധികം സന്തോഷമായി എന്റെ തിരിച്ച് വരവ്. അഞ്ച് മാസം മുൻപാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. കുറച്ചുദിവസമേ ആയിട്ടുള്ളൂ ഞാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട്. നല്ല പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്.അതിൽ വളരെ സന്തോഷമുണ്ട്. ഇനിയും ഒത്തിരി നല്ല ചിത്രങ്ങൾ എടുക്കാൻ കഴിയണമെന്നാണ് ആഗ്രഹം.

saranya

വ്യത്യസ്തമായ പ്രമേയങ്ങൾ

നിരവധി വ്യത്യസ്തമായ പ്രമേയങ്ങൾ വച്ചിട്ടാണ് ഞാൻ ഫോട്ടോകൾ എടുക്കുന്നത്. ഇതുപോലെ കുറച്ച് ഐഡിയകൾ എന്റെ മനസിലുണ്ട്. എനിക്ക് ഇത്തരം ചിത്രങ്ങൾ എടുക്കാൻ സ്‌പോൺസർമാരില്ല. മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിലാണ് ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇത്തരം ഫോട്ടോഷൂട്ട് നടത്തുന്നത്.

View this post on Instagram

A post shared by Athira Joy (@athirasphotography)