money

ലക്‌നൗ: അല്‍പ്പം പണത്തിന് ആവശ്യമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വിചാരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പലപ്പോഴും കഴിയാതെ പോകുന്നതും അക്കൗണ്ടില്‍ പണമില്ലാത്ത അവസ്ഥകൊണ്ടാണ്. അങ്ങനെയൊരു അവസ്ഥയിലിരിക്കുമ്പോള്‍ ഒരു 9900 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നാലോ? വെറുതെ സങ്കല്‍പ്പം പറഞ്ഞതല്ല, യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് പറഞ്ഞ് വരുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.

ഉത്തര്‍പ്രദേശിലെ ബദോഹി സ്വദേശിയായ ഭാനു പ്രകാശ് എന്ന യുവാവ് നിനച്ചിരിക്കാതെയാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തിയത്. അക്കൗണ്ടിലെ ബാലന്‍സ് തുക 9900 കോടി എന്ന് കണ്ടതോടെ ഭാനുപ്രകാശ് ഞെട്ടി. തന്റെ അക്കൗണ്ടില്‍ എങ്ങനെ ഇത്രയും പണം വന്നുവെന്നും ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലുമായി അയാള്‍. ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതാണോ അല്ലെങ്കില്‍ ആരെങ്കിലും തന്നെ പറ്റിക്കുന്നതാണോ, ഇനി പൊലീസിലോ ബാങ്കിലോ വിവരം അറിയിക്കണോ എന്നിങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങി ഭാനുപ്രകാശ്.

അല്‍പ്പസമയത്തിന് ശേഷം മനോനില വീണ്ടെടുത്ത അദ്ദേഹം ബാങ്ക് അധികൃതരെ ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ ബാങ്കിന്റെ സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പണം അബദ്ധത്തില്‍ ഭാനുപ്രകാശിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് വിശദീകരണം. പിന്നീട് ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ രോഹിത് ഗൗതം ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അക്കൗണ്ട് ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചെന്നൈയിലും 753 കോടി രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു. സമാനമായ സംഭവങ്ങളില്‍ മുമ്പും അക്കൗണ്ട് മാറി പണം എത്തുകയും ആളുകള്‍ ഈ പണം ചെലവാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ ഇത്രയധികം തുക ഒരുമിച്ച് എത്തുന്ന സംഭവം ആദ്യമായിട്ടാണ്.