ipl

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു ജയത്തിന്റെ മാത്രം അകലം. ഒന്നാം ക്വാളിഫയറില്‍ ശക്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. തോറ്റെങ്കിലും സണ്‍റൈസേഴ്‌സിന് ഫൈനലിലെത്താന്‍ ഒരവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാന്‍, ആര്‍സിബി എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് നേരിടും.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 159-10 (19.3), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 164-2 (13.4)

160 റണ്‍സ് വിജയലക്ഷ്യം വെറും 13.4 ഓവറിലാണ് കെകെആര്‍ മറികടന്നത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 58(24), വെങ്കിടേഷ് അയ്യര്‍ 51(28) എന്നിവരാണ് റണ്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് 23(14), സുനില്‍ നരെയ്ന്‍ 21(16) റണ്‍സ് വീതം നേടി. ടി. നടരാജന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍മാര്‍ നിറം മങ്ങിയത് മുതല്‍ അവര്‍ക്ക് തിരിച്ചടികള്‍ മാത്രമായിരുന്നു. ട്രാവിസ് ഹെഡ് 0(2), അഭിഷേക് ശര്‍മ്മ 3(4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാമനായി എത്തിയ രാഹുല്‍ തൃപാഥി 55(350 ബാറ്റിംഗില്‍ തിളങ്ങി.

നിതീഷ് കുമാര്‍ റെഡ്ഡി 9(10), ഷാബാസ് അഹമ്മദ് 0(1), ഹെയ്ന്റിച്ച് ക്ലാസന്‍ 32(21), അബ്ദുള്‍ സമദ് 16(12) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. 126ന് 9 എന്ന നിലയില്‍ നിന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 30(24) ആണ് എസ്ആര്‍ച്ച് സ്‌കോര്‍ 150 കടത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചു.