railway

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്, മഴ ഇനിയും ശക്തി പ്രാപിച്ചാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന് സമീപത്തുള്ള ട്രാക്കിന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടിയതാണ് അവസ്ഥയ്ക്ക് കാരണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരുവനന്തപുരം നഗരസഭ ഇനിയും നീക്കം ചെയ്തിട്ടില്ല. നേരത്തെ നഗരസഭയുടെ ആരോഗ്യ വിഭാഗവും റെയില്‍വേ ഉദ്യോഗസ്ഥരും ഇവിടെയെത്തി പരിശോധന നടത്തിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

കെഎസ്ആര്‍ടിസി ടെര്‍മിനലിനും ഇന്ത്യന്‍ കോഫി ഹൗസിനും സമീപത്ത് നിന്ന് റെയില്‍വേ കോമ്പൗണ്ടിന് സമീപം എത്തുന്ന പ്ലാസ്റ്റിക് മാലിന്യം കാരണമാണ് വെള്ളം റെയില്‍വേ സ്റ്റേഷനിലേക്ക് ഒഴുകാന്‍ സാദ്ധ്യത വര്‍ദ്ധിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ കവാട് പവര്‍ ഹൗസ് റോഡിന് സമീപത്താണ്. ആമയിഴഞ്ചാന്‍ തോടിന്റെ ഇതിനടുത്തുള്ള ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് ഒഴുക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്.

ഇനിയും മഴ തുടര്‍ന്നാല്‍ വെള്ളം കെട്ടിനില്‍ക്കാനും അത് ക്രമേണ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുമാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാല്‍ അത് റെയില്‍ ഗതാഗതത്തെ തന്നെ കാര്യമായി തടസപ്പെടുത്തും. തിരുവനന്തപുരം സെന്‍ട്രല്‍ പോലെ കേരളത്തിലെ ഏറ്റവും തിരക്കുള്ളതും നിരവധി ട്രെയിനുകള്‍ വന്ന് പോകുന്നതുമായ സ്‌റ്റേഷനില്‍ വെള്ളം കയറിയാല്‍ അത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മലിന ജലം ട്രാക്കിലേക്ക് ഒഴുകിയാല്‍ ഓട നിറഞ്ഞ് ട്രാക്ക് വെള്ളത്തിനടിയിലാകുന്നതോടെ സിഗ്‌നല്‍ സംവിധാനം തകരാറിലായി ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്‌ക്കേണ്ടി വരും. അടിയന്തരമായി മാലിന്യം നീക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വടക്ക് ഭാഗത്തേക്ക് നിരവധി ട്രെയിനുകളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയും മഴ കുറയുകയോ പ്ലാസ്റ്റിക് മാലിന്യം നീക്കുകയോ ചെയ്തില്ലെങ്കില്‍ ഉണ്ടാകും.