തിരുവനന്തപുരം: റേഷൻ കടകളിൽ അരി ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് തീർന്നുതുടങ്ങിയെന്ന് റിപ്പോർട്ട്. ആവശ്യക്കാർ മുഴുവൻ വിഹിതവും കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥയാണ്. മദ്ധ്യകേരളത്തിലെയും വടക്കൻ ജില്ലകളിലെയും കടകളിൽ സ്റ്റോക്ക് ഏതു ദിവസവും തീരുമെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്ത മാസത്തെ സ്റ്റോക്ക് എത്തിയിട്ടുമില്ല.
മൂന്നു മാസത്തെ കുടിശ്ശികയുള്ളതിനാൽ റേഷൻ സാധനങ്ങൾ കടകളിൽ വാതിൽപ്പടിയായി എത്തിക്കുന്ന ട്രാൻസ്പോർട്ടിംഗ് കരാറുകാർ മെല്ലെപ്പോക്കിലാണ്. ഗോഡൗണുകളിൽ സപ്ലൈകോ കരാർ തൊഴിലാളികളുടെ എണ്ണം കുറച്ചതും റേഷൻ നീക്കം മന്ദഗതിയിലാക്കി. പൊതുവിപണിയിൽ അരിവില വർദ്ധിക്കുകയാണ്. കുടിശ്ശിക കിട്ടിയില്ലെങ്കിൽ ജൂൺ മുതൽ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻ. കരാറുകാരുടെ നീക്കം.
വാതിൽപ്പടി വിതരണത്തിൽ സർക്കാർ സപ്ലൈകോയ്ക്ക് 317 കോടി രൂപയാണ് നൽകാനുള്ളത്. കുറച്ചെങ്കിലും ഉടൻ അനുവദിച്ചാലേ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്നാണ് വിലയിരുത്തൽ. വാഹന കരാറുകാർക്ക് സപ്ളൈകോ മൂന്നു മാസമായി വാടക നൽകുന്നില്ല. 63 കോടിയാണ് ഇവർക്കു കിട്ടാനുള്ളത്.
ഈ മാസത്തെ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ വാഹന കരാറുകാർ പിന്മാറുമെന്നാണ് സൂചന. ഇതോടെ റേഷൻകടകളുടെ പ്രവർത്തനം നിശ്ചലമാകും. ജനങ്ങൾക്ക് റേഷൻ കിട്ടാതാവും. വാഹന കരാറുകാർക്കുള്ള തുക,ഗോഡൗൺ വാടക, തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെയാണ് 'വാതിൽപ്പടി' തുക. ഈ ഇനത്തിൽ സർക്കാർ 2020-21 മുതൽ സപ്ളൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയാണ് 317 കോടി. ഒരു മാസത്തെ ചെലവ് 21 കോടിയാണ്. സ്വന്തം നിലയിൽ പണം നൽകിയാണ് സപ്ളൈകോ വിതരണം മുടങ്ങാതെ നോക്കിയത്. മൂന്നു മാസമായി അതും നൽകാൻ കഴിയാതായി.
കേന്ദ്രം എഫ്.സി.ഐ ഗോഡൗണുകളിലെത്തിക്കുന്ന അരി സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻ.എഫ്.എസ്.ഐ ഗോഡൗണുകളിലേക്കും തുടർന്ന് റേഷൻ കടകളിലേക്കും എത്തിക്കുന്നത് ട്രാൻസ്‌പോർട്ടിംഗ് കരാറുകാരാണ്.