തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.
2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാർഡ് വിഭജനം നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനായി ഗവ. സെക്രട്ടറിമാരും ഉൾപ്പെട്ട ഡിലിമിറ്റേഷൻ കമ്മിഷൻ നിലവിൽ വരും. കമ്മിഷന്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർ നിർണയിക്കുക. ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കും. 1200വാർഡുകൾ അധികം വരും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുഹമുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32മുനിസിപ്പാലിറ്റിയും കണ്ണൂർകോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു.എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലുമുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി.ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്.
ഗ്രാമപഞ്ചായത്തിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോർപറേഷനിലുമായി ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറെക്കുറെ എല്ലാ വാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865വാർഡുകളിലായിരിക്കും പുനഃക്രമീകരണം.രണ്ടാംഘട്ടത്തിലാണ് 152ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമ ഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും.