gopinath-muthukad

മജിഷ്യനെന്ന നിലയിലും ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലുമാണ് ഗോപിനാഥ് മുതുകാട് മലയാളികൾക്ക് സുപരിചിതൻ. അടുത്തിടെ അദ്ദേഹം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. പ്രശസ്ത ഇൻഫ്ളുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോണിക്ക ഒരു എ ഐ സ്റ്റോറി എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്.

സിനിമ അഭിനയം തുടർന്നു കൊണ്ടു പോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോപിനാഥ് മുതുകാടിപ്പോൾ. സിനിമയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ സംവിധായകനായ ഇ.എം അഷ്റഫുമായുള്ള ആത്മബന്ധമാണ് ഈ സിനിമയിൽ അഭിനയിക്കാനിടയാക്കിയത്. ഡിസബിളിറ്റിയുള്ള കുട്ടിയുടെ കഥ പറയുന്നുവെന്നതും മറ്റൊരു കാരണമായി. സിനിമയും മാജിക്കും രണ്ടും കൺകെട്ട് വിദ്യയാണ്. ഒരേ സമയം ഇരുകലകളും ആളുകളെ കബളിപ്പിക്കുക എന്ന കൃത്യമാണ് ചെയ്യുന്നതെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി.

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഗോപിനാഥ് മുതുകാട് തന്റെ സിനിമയുമായി സഹകരിച്ചതെന്ന് സംവിധായകനും മാദ്ധ്യമ പ്രവർത്തകനുമായ ഇ.എം അഷ്റഫ് കൂട്ടിച്ചേർത്തു. മീറ്റ് ദ പ്രസിൽ മോണിക്ക എ.ഇ സ്റ്റോറിയിലെ അഭിനേതാക്കളായ സിനി എബ്രഹാം, കണ്ണൂർ ശ്രീലത, പി.കെ അബ്ദുള്ള എന്നിവർ സംബന്ധിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറർ ഫസലു റഹ്മാൻ നന്ദിയും പറഞ്ഞു.