usha-haseena

90കളിൽ മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ഉഷ. 'നോക്കെത്താദൂരത്തു കണ്ണുംനട്ട്' എന്ന ചിത്രത്തിൽ ബാലതാരമായാണ് ഉഷ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. ശേഷം നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച താരത്തെ മലയാളികൾ നെഞ്ചിലേറ്റുന്നത് മോഹൻലാലിന്റെ 'കിരീടം' എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴും ഉഷയെക്കുറിച്ച് അറിയാൻ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു മലയാളം ചാനലിന് നടി നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹസീന എന്ന തന്റെ പേര് മാറ്റി ഉഷ എന്ന് ആക്കിയതിനെക്കുറിച്ചും താരം ഇതിൽ പറയുന്നുണ്ട്.

ഉഷയുടെ വാക്കുകൾ

' ബാലചന്ദ്ര മേനോൻ സാർ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു. അങ്ങനെ എന്റെയും മാറ്റണമെന്ന് പറ‌ഞ്ഞു. ആദ്യം പേര് മാറ്റണമെന്ന് പറഞ്ഞപ്പോൾ പിതാവ് പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് മോൾക്ക് ഇട്ടത് എന്നായിരുന്നു. പക്ഷേ സാർ പറഞ്ഞു അമ്പലത്തിൽ ഷൂട്ടിംഗിന് പോകുമ്പോൾ ആ പേര് പ്രശ്നമാകുമെന്ന്. അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്. രണ്ടാമത്തെ സിനിമയ്ക്ക് അത് മാറ്റമെന്ന് പറഞ്ഞെങ്കിലും ഞാൻ മാറ്റിയില്ല. ഉഷയെന്ന പേര് ഇട്ടതിന് ബന്ധുക്കൾക്കും സമുദായത്തിലുമെല്ലാം വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മാറി. ഇപ്പോൾ എല്ലാ പേരും എല്ലാവരും ഇടാറുണ്ട്', ഉഷ വ്യക്തമാക്കി.

ഇടതുപക്ഷ അനുഭവിയാണെങ്കിലും രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു അവതാരകനോട് ഉഷ നൽകിയ മറുപടി. എങ്കിലും ആലപ്പുഴ എ എം ആരിഫ് ജയിക്കുമെന്നും നടി പറഞ്ഞു. എൽഡിഎഫിന് 20 സീറ്റിൽ 20 ഉം കിട്ടണമെന്നാണ് പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ 10ന് മുകളിൽ എൽ ഡി എഫിന് സീറ്റ് കിട്ടുമെന്നും ഉഷ വ്യക്തമാക്കി.