ഡബ്ളിൻ: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കവെ നിർണായക നീക്കവുമായി മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ. അടുത്ത ആഴ്‌ചയോടെ പാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുമെന്ന് നോർവെ, അയർലന്റ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ അറിയിച്ചു. ദ്വിരാഷ്‌ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേൽ-പാലസ്‌തീൻ സംഘർഷത്തിന് പ്രതിവിധി എന്ന് യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോർവെയും അയർലന്റും സ്‌പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്. മേയ് 28ന് തീരുമാനം അറിയിക്കുമെന്നാണ് വിവരം.
'ഈ അംഗീകാരമില്ലെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകില്ല.' നോർവെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പ്രതികരിച്ചു. അയർലന്റിനും പാലസ്‌തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ദ്വിരാഷ്‌ട്ര വാദം നടപ്പിലാക്കുക വഴി ഇസ്രയേൽ-പാലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൈമൺ ഹാരിസ് വ്യക്തമാക്കി.
സ്‌പാനിഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മേയ് 28ന് പാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാട്‌സ് അയർലന്റിലെയും നോർവെയിലെയും തങ്ങളുടെ പ്രതിനിധികളോട് ഉടൻ തിരികെ ഇസ്രയേലിലെത്താൻ ആവശ്യപ്പെട്ടു. സ്‌പെയിനും അയർലന്റും നോർവെയും ഹമാസിന്റെ കൊലപാതകികൾക്കും ബലാത്സംഗം ചെയ്യുന്നവർക്കും സ്വർണമെഡൽ നൽകാൻ തീരുമാനിച്ചത് ചരിത്രം ഓർക്കുമെന്നും ഇസ്രയേൽ കാട്‌സ് പ്രതികരിച്ചു.