meditataion

ഒരു രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടത്,​ അല്ലെങ്കിൽ, ഒരു നല്ല ഭരണാധികാരി എങ്ങനെയായിരിക്കണം എന്നൊക്കെ എപ്പോഴെങ്കിലുംചിന്തിച്ചിട്ടുണ്ടോ? ഇല്ല, അല്ലേ?​ അല്ലെങ്കിലും, ശരാശരി മനുഷ്യർ ഇതൊന്നും അന്വേഷിക്കാൻ മെനക്കെടാറില്ലല്ലോ! നമ്മൾ പണിക്കുപോയാൽ നമുക്കു ജീവിക്കാമെന്നതു തന്നെയാണ്‌ സാധാരണക്കാരുടെ തത്വശാസ്ത്രം! എന്നാലും, നമ്മുടെ ഭരണസമ്പ്രദായം ജനാധിപത്യമല്ലേ! സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞെന്നു ചിന്തിക്കുന്നത് ശരിയല്ലല്ലോ!

പൗരന്മാർക്ക് ​അർഹമായ പരിഗണന പല രംഗങ്ങളിലും ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാക്കുന്ന അനുഭവങ്ങളാണ് പലപ്പോഴും ഉണ്ടാകാറുള്ളതെങ്കിലും, സാധാരണ പൗരന്മാരായ നമുക്ക്‌​ ഭരണഘടന ഉറപ്പാക്കിയിട്ടുള്ള അവകാശങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ലല്ലോ എന്നൊക്കെ ചിന്തിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ഉത്തമ ഭരണാധികാരി എങ്ങനെയാകണമെന്ന് ആരും സ്വപ്നംകണ്ടു പോകുന്നത്. ഗൗരവമുള്ള ഒരു വിഷയത്തിലേക്കാണ് സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചതെങ്കിലും, മുഖവുരയായി പ്രഭാഷകന്റെ ഒരു പതിവു തമാശ കേട്ടതുപോലെയായിരുന്നു സദസ്യർ തുടർന്നുള്ള വാക്കുകൾക്ക്​ കാതോർത്തത്.

പ്രഭാഷകൻ തുടർന്നു: ഒരു രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്ന മഹത്തായ ചോദ്യം ആദ്യം ചോദിച്ചത് ഞാനല്ല. ആ ചോദ്യത്തിന്റെ പഴക്കം ഒരുനൂറ്റാണ്ടോ പത്തു നൂറ്റാണ്ടോ അല്ല. അത്, ക്രിസ്തുവിനും പതിനഞ്ചു നൂറ്റാണ്ടു മുമ്പ്, ഏകദേശം മൂവായിരത്തി അഞ്ഞൂറു കൊല്ലങ്ങൾക്കു മുമ്പ് ചോദിച്ചതാണ്. മഹാഭാരത യുദ്ധത്തിൽ വിജയശ്രീ ലാളിതരായ യുധിഷ്ഠിരനും അർജ്ജുനനും കൂടി,​ തങ്ങളുടെ മഹത്തായ വിജയത്തിന്റെ ശില്പിയായ ശ്രീകൃഷ്ണനെ കാണുവാൻ ചെന്നു. രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുമ്പ് ഭഗവദ്ഗീത ഒന്നുകൂടി കേട്ടു പഠിക്കണമെന്നതായിരുന്നു അവരുടെ ആഹ്രഹം.

എല്ലാം സശ്രദ്ധം കേട്ട ഭഗവാൻ അവരോടു പറഞ്ഞ മറുപടി രസകരമാണ്: യുദ്ധം കൊടുമ്പിരികൊള്ളവെ തളർന്നുപോയ പാർത്ഥനെ ഊർജ്ജസ്വലനാക്കാൻ ‍‌‌‍ഞാൻ ഉപദേശിച്ച ഗീതാവാക്യങ്ങൾ പലതും ഇപ്പോൾ എനിക്ക് ഓർമ്മയില്ല! മാത്രമല്ല,​ രാജ്യം ഭരിക്കുന്നതിന് ഭഗവത്ഗീതയല്ല പഠിക്കേണ്ടതെന്നു കൂടി ഉപദേശിച്ച ശ്രീകൃഷ്ണൻ, അപ്പോഴും ശരശയ്യയിലായിരുന്ന ഭീഷ്മപിതാമഹനിൽ നിന്ന് ഉപദേശം സ്വീകരിക്കാനാണ് പറഞ്ഞത്. അപ്രകാരം ഭീഷ്മരിൽ നിന്നു സ്വീകരിച്ച ധർമ്മശാസ്ത്ര പ്രകാരമായിരുന്നു പാണ്ഡവരുടെ ഭരണം.

മഹത്തായ ധർമ്മശാസ്ത്ര വ്യവസ്ഥകൾ അനുസരിച്ചു മാത്രമേ തന്റെ ഭരണം നടക്കൂ എന്ന് ഏതെങ്കിലും ഭരണാധികാരി ഇന്നു ശഠിച്ചാൽ എന്താകും സ്ഥിതി! അപ്പോൾ നിശ്ചയമായും നമുക്കു പറയാം, തീരുമാനങ്ങളെടുക്കുന്നതിൽ വാശിയും വൈരാഗ്യവുമുള്ള ഒരാൾക്ക്​ നല്ല ഭരണാധികാരിയാകാൻ കഴിയില്ല. എന്നാൽ, ധർമ്മശാസ്ത്രത്തിൽ നിന്നായാലും കാലോചിതമായതിനെ സ്വീകരിക്കുമെന്ന സമീപനമായാലോ? പൂർണ ഗർഭിണിയായിരുന്ന സീതാദേവിയെ, ശ്രീരാമൻ ഉപേക്ഷിക്കുമ്പോൾ ഭാര്യ പതിവ്രതയാണെന്ന് അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നല്ലോ. പൊതുജനാഭിപ്രായമല്ലേ മറിച്ചൊരു തീരുമാനത്തിനു കാരണമായത്! ഇപ്രകാരമൊക്കെ വിലയിരുത്തിയാലും ഒരു നല്ല ഭരണാധികാരി നിശ്ചയമായും നല്ല മനുഷ്യനായിരിക്കണം. മനുഷ്യമുഖവും സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ഹൃദയസ്പന്ദനവുമുണ്ടാകണം. ഇത്തരം മനുഷ്യഗുണങ്ങൾ സമ്മേളിക്കുന്നൊരാൾ നമ്മുടെ ഭരണാധികാരിയായെങ്കിലെന്ന് നിങ്ങൾക്കും ആഗ്രഹം തോന്നുന്നില്ലേ? സശ്രദ്ധം തന്നെ ശ്രവിച്ചിരുന്ന സദസ്യരോട് പ്ര ഭാഷകൻ പറഞ്ഞു നിർത്തി.