ന്യൂഡല്‍ഹി: രാജ്യം ഭരിക്കാന്‍ എത്തുന്ന പാര്‍ട്ടി ഏതായാലും ശരി അവരുടെ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വമ്പന്‍ ലോട്ടറിയാണ്. ഒരു ലക്ഷം കോടിയോളം രൂപയുടെ ലാഭവിഹിതമാണ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈമാറാനൊരുങ്ങുന്നതെന്നാണ് സൂചന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13,000 കോടിയോളം രൂപയാണ് സര്‍ക്കാരിന് ആര്‍ബിഐ നല്‍കുന്ന ലാഭ വിഹിതം.
87,416 കോടി രൂപയുടെ ലാഭവിഹിതമാണ് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി 60000 കോടി രൂപ മൂല്യമുള്ള കടപത്രങ്ങള്‍ തിരികെ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്ള ചെലവ് റിസര്‍വ് ബാങ്ക് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നത് സര്‍ക്കാരിന് ആശ്വാസമാണ്.
ഒരു വര്‍ഷത്തെ വ്യത്യാസത്തില്‍ 13,000 കോടി ലാഭവിഹിതം ഏങ്ങനെയാണ് ആര്‍ബിഐക്ക് ഉണ്ടായത് അല്ലെങ്കില്‍ എന്താണ് റിസര്‍വ് ബാങ്കിന് ഇത്രയും ലാഭവിഹിതം സര്‍ക്കാരിന് കൈമാറാന്‍ മാത്രം ലാഭമുണ്ടായത് എന്നാണ് ചിന്തിക്കുന്നതെങ്കില്‍ അതിന് പലതുണ്ട് കാരണങ്ങള്‍.
ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് രാജ്യത്തെ കറന്‍സികള്‍ അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ്. ഓരോ കറന്‍സിയുടെ മൂല്യം കണക്കാക്കുമ്പോള്‍ അത് അച്ചടിക്കാന്‍ ആര്‍ബിഐക്ക് വരുന്ന ചെലവിനെക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ത്ഥത്തില്‍ കറന്‍സിയുടെ മൂല്യം.
വിവിധ ബാങ്കുകള്‍ക്ക് നല്‍കുന്ന വാണിജ്യ വായ്പകളില്‍ നിന്ന് ലഭിക്കുന്ന പലിശയാണ് മറ്റൊരു പ്രധാനപ്പെട്ട വരുമാന സ്രോതസ്. സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയും വില്‍ക്കുന്നതിലൂടെയും റിസര്‍വ് ബാങ്ക് പണം സമ്പാദിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ വിദേശ ആസ്തികള്‍ ഉള്‍പ്പെടുന്നു, ഇതും വരുമാനം ഉണ്ടാക്കുന്നു.
റിസര്‍വ് ബാങ്കിന്റെ പ്രധാന വരുമാനം പലിശയില്‍ നിന്നും വിദേശനാണ്യത്തില്‍ നിന്നുമുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 70 ശതമാനവും വിദേശ കറന്‍സി ആസ്തിയാണ്. 20 ശതമാനം സര്‍ക്കാര്‍ ബോണ്ടുകളും.