paddy

തൃശൂർ: സംസ്ഥാനത്തെ കർഷകർക്കും പാടശേഖരസമിതികൾക്കും യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്നും വിത്ത് ലഭ്യതയെകുറിച്ച് പ്രചരിക്കുന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കൃഷി വകുപ്പ് അറിയിച്ചു.

വള്ളത്തോൾ നഗർ കൃഷിഭവനിൽ ഉൾപ്പെടുന്ന മുണ്ടനാട്ട് പാടശേഖരത്തിന് വിരിപ്പ് കൃഷിക്കായി നെൽവിത്ത് ലഭ്യമാക്കുന്നതിൽ കൃഷിഭവന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ തള്ളി കൃഷിവകുപ്പ്. കേരള കാർഷിക സർവ്വകലാശാല, വിവിധ ഫാമുകൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും വള്ളത്തോൾ നഗർ കൃഷിഭവനിൽ ജ്യോതി ഇനം വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കോടശ്ശേരി ഫാമിൽ നിന്നാണ് ജ്യോതി വിത്ത് ലഭ്യമാക്കിയിട്ടുള്ളത്.

കടുത്ത വേനലായതിനാലാണ് വിത്ത് വിതരണം വൈകിയതെന്ന് ജില്ലാ കൃഷി ഓഫീസിൽ നിന്നും അറിയിച്ചിട്ടുമുണ്ട്.നിലവിൽ കർഷകർക്ക് ആവശ്യമായ ജ്യോതി നെൽവിത്ത് കൃഷിഭവനിൽ ലഭ്യവുമാണ്. മാത്രമല്ല സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും കർഷകർക്ക് ആവശ്യമുള്ള നെല്ല് വിത്ത് നൽകുന്നതിന് കൃഷി വകുപ്പ് സജ്ജമാണെന്നും അധികാരികൾ പറഞ്ഞു.

അതേസമയം സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്. ഇതിൽ 879.95 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന്റെ സംഭരണവില കർഷകർക്ക് പി.ആർ.എസ് വായ്പയായിട്ടാണ് നൽകി വരുന്നത്. കർഷകർക്ക് നെല്ലിന്റെ വില നൽകുന്ന നടപടികൾ ഊർജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി.

2023-24 ലെ രണ്ടാം വിളവെടുപ്പിൽ സംസ്ഥാനത്താകെ 5,34,215.86 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതൽ സംഭരിച്ചത് പാലക്കാട് ജില്ലയിൽ നിന്നാണ്, 1,79,729.94 മെട്രിക് ടൺ. രണ്ടാമത് ആലപ്പുഴ ജില്ല – 1,53,752.55. തൃശൂരിൽ 77,984.84 കോട്ടയത്ത് 65,652.33 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നെല്ല് സംഭരണം ഏറക്കുറെ പൂർത്തിയായി