ചില വൃക്ഷങ്ങൾ വീടിരിക്കുന്ന സ്ഥലത്ത് നിന്നാൽ വീട്ടുകാർക്ക് നല്ല ഗുണമുണ്ടാകുമെന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവയാണ് മംഗളകരമായ വൃക്ഷങ്ങളായി കരുതപ്പെടുന്നത്. എന്നാൽ ചില വൃക്ഷങ്ങൾ വീടിനു അത്ര ഉത്തമമല്ലെന്നും പറയാറുണ്ട്.
കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.
അതുപോലെ തന്നെ ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ലെന്നും പറയാറുണ്ട്. വടക്ക് നിൽക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നിൽക്കുന്ന എഴിലം പാലയും കിഴക്ക് നിൽക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്.
കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .
1. കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നൽകും.
2. കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ കറുക പടർത്തുക. വീടിനു ചുറ്റും തുളസി, വാഴ ,കവുങ്ങ്, മുല്ല എന്നിവ നടുക.
3. തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക.
4. വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക.
5. പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം.
6. നാല്പാമരങ്ങൾ വിപരീത സ്ഥാനങ്ങളിൽ (വടക്ക് അത്തി, തെക്ക് ഇത്തി, കിഴക്ക് അരയാൽ, പടിഞ്ഞാറ് പേരാൽ ) നിൽക്കാൻ പാടില്ല .
ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേൽപ്പറഞ്ഞ രീതിയിൽ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കുമെന്നാണ് വിശ്വാസം.