kochi

ആലുവ: നഗരസഭയുടെ മേല്‍നോട്ടമില്ലാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി മെട്രോയും നടത്തുന്ന അശാസ്ത്രീയമായ നടപ്പാത നിര്‍മ്മാണം ഒറ്റമഴയില്‍ ആലുവ നഗരത്തെ വെള്ളക്കെട്ടിലാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ പ്രതിഷേധം ശക്തമായി.

ചൊവ്വാഴ്ച വൈകിട്ട് ഒരുമണിക്കൂറോളം പെയ്ത മഴയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി പരിസരം, ബാങ്ക് കവല - മാര്‍ക്കറ്റ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ്, കുന്നുംപുറം റോഡ്, അന്‍വര്‍ ആശുപത്രി റോഡ്, ശ്രീകൃഷ്ണക്ഷേത്രം റോഡ്, മാര്‍ക്കറ്റ് മേല്‍പ്പാലം അണ്ടര്‍പാസേജ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. മാര്‍ക്കറ്റ് റോഡിലും ബൈപ്പാസ് ഭാഗത്തും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളംകയറി. ബൈപ്പാസ് ഭാഗത്തെ മുക്കത്ത് സാജിത ഷെരീഫിന്റെ വീട്ടിലും വെള്ളം കയറി. ഇന്നലെ വൈകിട്ടും മഴ തുടരുകയാണ്.

* നവീകരിക്കുന്നത് കൊച്ചി മെട്രോയും പി.ഡബ്ല്യു.ഡിയും

കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബൈപ്പാസ്, പാലസ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ്, തൈനോത്ത് റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ കൊച്ചിമെട്രോയും റെയില്‍വേ സ്റ്റേഷന്‍ റോഡ്, സബ് ജയില്‍ റോഡ് എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പുമാണ് നടപ്പാതകള്‍ നവീകരിക്കുന്നത്.

* പരാതിയുമായി വ്യാപാരികള്‍

കാനകള്‍ ശരിയായി നവീകരിക്കാതെയാണ് കാനകള്‍ക്ക് മുകളില്‍ ഗ്രാനൈറ്റുകള്‍ വിരിച്ച് നവീകരിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇതേകാനയിലേക്ക് തള്ളുന്നുണ്ടെന്ന് പരാതിയുണ്ട്. കാനയുടെ നവീകരണം നടക്കുമ്പോഴെങ്കിലും ഇത്തരത്തിലുള്ള പൈപ്പുകള്‍ നീക്കംചെയ്യുമെന്ന് കരുതിയെങ്കിലും നടപടിയുണ്ടായില്ല.

പൊതുകാന നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. നടപ്പാത നവീകരിച്ച ഭാഗത്തെല്ലാം മഴവെള്ളം പോകുന്നതിനായി കാനയിലേക്ക് ചെറിയ ദ്വാരം ഇട്ടിട്ടുണ്ടെങ്കിലും അതും പലയിടത്തും മാലിന്യം തങ്ങി അടഞ്ഞിരിക്കുകയാണ്.

എല്‍.ഡി.എഫ് 'ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധധര്‍ണ' ഇന്ന്

സൗന്ദര്യവത്കരണത്തിന്റെ പേരില്‍ നഗരത്തില്‍ നടപ്പിലാക്കിയ അശാസ്ത്രീയ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ആലുവ മുനിസിപ്പല്‍ കമ്മിറ്റി ഇന്ന് രാവിലെ 10ന് ബാങ്ക് കവലയില്‍ 'ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധ ധര്‍ണ' സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ രാജീവ് സക്കറിയ അറിയിച്ചു.

ഒറ്റമഴയില്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പെയ്തുവെള്ളം കയറിതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. അശാസ്ത്രീയമായ നിര്‍മ്മാണത്തിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പലവട്ടം ബന്ധപ്പെട്ടവരെ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടാകാതിരുന്നതാണ് ദുരിതത്തിന് വഴിവച്ചതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.