food

ആലപ്പുഴ : കഴിഞ്ഞ എട്ടുവര്‍ഷമായി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക വെറും എട്ടുരൂപ. ചോറിന് പുറമേ സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയും ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയുമുള്‍പ്പെടെയാണ് മെനു.

ഗ്യാസിനും വിറകിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധനയോ, ആഹാരം തയ്യാറാക്കുന്നതിന്റെ കൂലിച്ചെലവോ വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകളോ വിദ്യാഭ്യാസ വകുപ്പ് കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.

കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഫണ്ടും കുറയും . 150 കുട്ടികള്‍വരെയുളളയിടത്താണ് 8 രൂപ. 150 മുതല്‍ 500 വരെ കുട്ടികളാകകുമ്പോള്‍ ഒരാള്‍ക്ക് 7രൂപയും 500ന് മുകളില്‍ കുട്ടകള്‍ ഉള്ളിടത്ത് ഒരാള്‍ക്ക് 6 രൂപയുമാണ് സര്‍ക്കാര്‍ നിരക്ക്. പല സ്‌കൂളുകളിലും പ്രധാനാദ്ധ്യാപകരും സഹപ്രവര്‍ത്തകരും രക്ഷാകര്‍ത്തൃസമിതിയും സ്വന്തം കീശയില്‍ നിന്ന് പണം മുടക്കിയാണ് കുട്ടികളുടെ വിശപ്പകറ്റുന്നത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് കിട്ടാതിരുന്നപ്പോള്‍ കൈയ്യില്‍ നിന്ന് പണം മുടക്കിയ പല അദ്ധ്യാപകര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും ചെലവായ തുക ഇനിയും ലഭിച്ചിട്ടില്ല.

സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിശോധന 25 മുതല്‍

അദ്ധ്യയന വര്‍ഷാരംഭത്തിന് 9 ദിവസം മാത്രം ശേഷിക്കെ ജില്ലയില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഇളവ് അനുവദിച്ചു

ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള പരിശോധനാ സംഘം 25 മുതല്‍ സ്‌കൂളുകളുടെ സുരക്ഷാ പരിശോധന നടത്തും

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രീമണ്‍സൂണ്‍ മഴ നേരത്തെ ആരംഭിച്ചത് പണികളെ ബാധിക്കും

കെട്ടിടങ്ങള്‍ ബലപ്പെടുത്തല്‍, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്‌ളംബ്ബിംഗ് ജോലികള്‍ തുടങ്ങിയവയാണ് നടക്കുന്നത്

വിരമിച്ചവര്‍ക്ക് പകരം നിയമനം വേണം

ജില്ലാ വിദ്യാഭ്യാസ ഓഫീസറുള്‍പ്പെടെ മൂന്ന് ഡസനോളം അദ്ധ്യാപകരാണ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഈ വര്‍ഷം പടിയിറങ്ങിയത്. വിരമിച്ച അദ്ധ്യാപകര്‍ക്ക് പകരം പി.എസ്.സി നിയമനത്തിനുള്ള കാലതാമസം കണന്‍ക്കിലെടുത്ത് അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോഴേക്കും താല്‍ക്കാലിക അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനത്തിനുള്ള നടപടികളും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

വാഹന പരിശോധനക്ക് തുടക്കം

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. നൂറോളം വാഹനങ്ങളാണ് ഇന്നലെ പരിശോധിച്ചത്. വിദ്യവാഹന്‍ ആപ്പ് അപ്ലോഡ് ചെയ്യാത്തതും മറ്റ് ചെറിയ അപാകതകളുള്ളതുമായ വാഹനങ്ങള്‍ ടെസ്റ്റ് പാസ്സായില്ല.

ജില്ലയിലെ സ്‌കൂളുകള്‍

ഹൈസ്‌കൂള്‍......198

യു.പി................159

എല്‍.പി............399

ആകെ..............756

തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ വര്‍ഷാരംഭത്തിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാകും

- പ്രതീഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌