arun

നല്ല സ്വാദുള്ള ഭക്ഷണം കഴിക്കാനായി എത്ര ദൂരം സഞ്ചരിക്കാനും മടിയില്ലാത്തവരാണ് മലയാളികൾ. ഈ കാരണത്താലാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഫുഡ് വ്ലോഗർമാരുടെ എണ്ണം ദിനംപ്രതി കൂടുന്നത്. മുമ്പ് നോൺ വെജ് വിഭവങ്ങൾക്കായിരുന്നു ഇഷ്‌ടക്കാരേറെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. രുചിയേറിയ വെജിറ്റേറിയൻ വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്.

ഈ പുതിയ ട്രെൻഡ് മനസിലാക്കി തന്റെ കുട്ടിക്കാലം മുതലുള്ള ഇഷ്ടജോലി തിരഞ്ഞെടുത്ത ഒരു ഇടുക്കിക്കാരനുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് 24-ാം വയസിൽ റിസ്‌കെടുത്ത യുവാവ്. അരുൺ അനിരുദ്ധ് എന്നാണ് ഈ മിടുക്കന്റെ പേര്. വെറും ദിവസങ്ങൾകൊണ്ട് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ 'മോദക് ഫുഡ്‌സി'ന്റെ ഉടമയാണ് അരുൺ. മോദക് ഫുഡ്‌സ് എന്ന സംരംഭത്തെപ്പറ്റിയും അരുണിനെക്കുറിച്ചും കൂടുതലറിയാം.

arun

തിരുവനന്തപുരത്തിന്റെ സ്വന്തം ഇടുക്കിക്കാരൻ

ഇടുക്കി അടിമാലി സ്വദേശിയാണ് അരുൺ അനിരുദ്ധ്.കൺസ്‌ട്രക്ഷൻ തൊഴിലാളിയായ അച്ഛൻ അനിരുദ്ധൻ, അമ്മ അംബിക, ഇളയ സഹോദരൻ അമൽ എന്നിവരടങ്ങുന്നതാണ് അരുണിന്റെ ചെറിയ കുടുംബം. ഡിഗ്രി പഠനം നാട്ടിൽ പൂർത്തിയാക്കിയ അരുൺ പിന്നീട് ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നതിനായി തിരുവനന്തപുരത്തേക്കെത്തി. ഇവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. കുറച്ച് കാലം മാത്രമേ ഇവിടെ താമസിച്ചിരുന്നുളളുവെങ്കിലും തിരുവനന്തപുരത്തുകാരുടെ ഭക്ഷണപ്രിയം എത്രത്തോളമാണെന്ന് അരുണിന് മനസിലായി.

ഗ്രാഫിക് ഡിസൈനിംഗ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് ബംഗളൂരുവിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ലഭിച്ച് അവിടേക്ക് പോയെങ്കിലും പാചകത്തിനോടുള്ള ഇഷ്‌ടം കാരണം കുറച്ച് മാസങ്ങൾക്ക് ശേഷം അരുൺ നാട്ടിൽ തിരിച്ചെത്തി. ഒരു റെസ്റ്റോറന്റ് ആരംഭിക്കണം എന്നായിരുന്നു മനസിലെ ആഗ്രഹം. ലോണിന് വേണ്ടി ഒരുപാട് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അന്നും എല്ലാത്തിനും ഒപ്പം നിന്നത് കുടുംബവും സുഹൃത്തുക്കളുമായിരുന്നു.

5

ക്ലൗഡ് കിച്ചൺ

ലോൺ ലഭിക്കാത്തതിനാൽ റസ്റ്റോറന്റ് തുടങ്ങണമെന്ന ആഗ്രഹം മാറ്റിവച്ച് അരുൺ തിരുവനന്തപുരത്തേക്കെത്തി. കഴക്കൂട്ടത്ത് 'മോദക് ഫുഡ്‌സ്' എന്ന പേരിൽ ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ചു. വരുന്ന ഓർഡർ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതാണ് ക്ലൗഡ് കിച്ചൺ. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യും. ഓർഡർ അനുസരിച്ച് മാത്രമാണ് ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നത്.

2

പൊടി ഇഡലിയും മസാല ചായയും

മോദക് ഫുഡ്‌സിലെ പൊടി ഇഡലിക്കും മസാല ചായയ്‌ക്കുമാണ് ആവശ്യക്കാരേറെ. കൂടാതെ സാധാരണ ഇഡലി സെറ്റ്, ഹാർട്ട് ഇഡലി, ബട്ടർ ഇഡലി, കൊഴുക്കട്ട, ഇലയട, ഫിൽറ്റർ കോഫി തുടങ്ങിയവയും ലഭ്യമാണ്. ഒരു സെറ്റിൽ മൂന്ന് ഇഡലി, ചമ്മന്തി, സാമ്പാർ, കേസരി എന്നിവയാണുള്ളത്. എല്ലാം വളരെ വിലക്കുറവിൽ നൽകുന്നു എന്നതും മോദക് ഫുഡ്‌സിന്റെ പ്രത്യേകതയാണ്.

വാങ്ങിയവർ തന്നെ വീണ്ടും അരുണിന്റെ ഭക്ഷണം തേടിയെത്തുന്നുണ്ട്. ഏറെ ദൂരം എത്തിക്കുമ്പോൾ ചൂടാറാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് ഭക്ഷണം പാക്ക് ചെയ്യുന്നത്. കഴിക്കുന്നവരുടെ ആരോഗ്യം മനസിൽ കണ്ടാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് അരുൺ പറയുന്നു.

3

ക്വാളിറ്റിയിൽ കോംപ്രമൈസില്ല

ഭക്ഷണം ഓർഡർ ലഭിച്ച ശേഷം മാത്രമാണ് ഉണ്ടാക്കുന്നത്. അതിനാൽ, ചൂടോടെ തന്നെ ആവശ്യക്കാരിലേക്കെത്തുന്നു. പച്ചക്കറികളൊന്നും അരുൺ നേരത്തേ വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിക്കാറില്ല. ഓരോ ദിവസം വേണ്ടതും അതിരാവിലെ മാർക്കറ്റിൽ പോയി വാങ്ങാറാണ് പതിവ്. കറികൾക്കും മസാല ചായകൾക്കും വേണ്ട ഉയർന്ന ഗുണമേന്മയുള്ള സുഗന്ധ വ്യജ്ഞനങ്ങൾ ഇടുക്കിയിൽ നിന്ന് എത്തിക്കും.

4

വിദ്യാർത്ഥികൾക്ക് പാർട്ടൈം ജോലി

അരുണിന്റെ ക്ലൗഡ് കിച്ചണിൽ പാചകം ചെയ്യുന്നതിനായി രണ്ടുപേരുണ്ട്. ജോലിക്കൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഇവർ. ഒരുപാട് ഓർഡറുകൾ വരുമ്പോൾ സഹായത്തിനായി സുഹൃത്തുക്കളും എത്തും. നിലവിൽ ഭക്ഷണം ഡെലിവറി ചെയ്യുന്നത് അരുണും സുഹൃത്തുക്കളും ചേർന്നാണ്. ഭാവിയിൽ തന്റെ സംരംഭം വലിയ രീതിയിലാകുമ്പോൾ ഒരുപാടുപേർക്ക് തൊഴിൽ നൽകണമെന്ന ആഗ്രഹവും അരുണിന്റെ മനസിലുണ്ട്.

View this post on Instagram

A post shared by Modak food (@modak__food)

ഏറെ സഹായിച്ചത് ഇൻസ്റ്റഗ്രാം

ക്ലൗഡ് കിച്ചൺ ആരംഭിച്ചപ്പോൾ തന്നെ അരുൺ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും മോദക് ഫുഡ്‌സിനായി ഒരു പേജ് ആരംഭിച്ചു. റീൽസ് കണ്ടിട്ടാണ് ഒരുപാടുപേർ അരുണിനെ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നത്. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും സുഹൃത്തുക്കളാണ് സഹായിക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതും മാത്രമല്ല, ക്ലൗഡ് കിച്ചൺ ആരംഭിക്കാൻ താൽപ്പര്യമുള്ള യുവാക്കൾക്ക് സഹായകരമായ വീഡിയോയും അരുൺ പങ്കുവയ്‌ക്കുന്നുണ്ട്.

6

സ്വിഗ്ഗി, സൊമാറ്റോയിലും ലഭ്യം

വാട്‌സാപ്പ് നമ്പറിലാണ് കൂടുതൽ ഓർഡറുകളും ലഭിക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ സ്വിഗ്ഗിയിലും സൊമാറ്റോയിലും മോദക് ഫുഡ്‌സ് ലഭ്യമാണ്. ആദ്യം 15 കിലോമീറ്റർ പരിധിയിലാണ് ഭക്ഷണം എത്തിച്ചിരുന്നതെങ്കിൽ ഇന്ന് 25 കിലോമീറ്റർ വരെ ഡെലിവറി ലഭ്യമാണ്.

ഓർഡർ ചെയ്യേണ്ട വാട്‌സാപ്പ് നമ്പർ: 917907749835

food

'മോദകിനെ' ഒരു ബ്രാൻഡാക്കി മാറ്റണം

കഴക്കൂട്ടത്ത് തന്നെ ഒരു റെസ്റ്റോറന്റ് തുടങ്ങണമെന്നതാണ് അരുണിന്റെ ലക്ഷ്യം. കോഴിക്കോട്, തിരുവനന്തപുരം എന്നീ ജീല്ലകളിലെ വിവിധ സ്ഥലങ്ങളിൽ ക്ലൗഡ് കിച്ചൺ ആരംഭിക്കണമെന്നും മനസിലുണ്ട്. കേരളം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡാക്കി മോദക് ഫുഡ്‌സിനെ മാറ്റണമെന്നും അരുൺ പറയുന്നു.

മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്ന ഒരുപാട് യുവാക്കൾ അനുഭവിക്കുന്ന പ്രശ്നമാണ് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ കഴിയുന്നില്ല എന്നത്. അങ്ങനെയുള്ളവർക്ക് ഒരു മാതൃകയാണ് അരുൺ. ആഗ്രഹങ്ങൾ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ മുന്നിലുള്ളതൊന്നും തടസമല്ല എന്നാണ് അരുണിന്റെ ജീവിതം തെളിയിച്ചിരിക്കുന്നത്.