home

തൊടിയൂർ: കോൺക്രീറ്റ് വീടിന് പിന്നാലെ പോകാതെ പ്രകൃതിക്കിണങ്ങിയ ഇരുനില മുളവീടൊരുക്കി ഒരു കുടുംബം. തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറിയുമായ തൊടിയൂർ രാമാലയത്തിൽ എൽ.ഷൈലജയും ഐക്യമലയാള പ്രസ്ഥാനം ജില്ലാ സെക്രട്ടറി തൊടിയൂർ രാധാകൃഷ്ണനും മകൾ കലാമണ്ഡലം എസ്.ആർ.അക്ഷയയുമാണ് മുളവീടിന്റെ ഉടമകൾ.


തൊടിയൂർ വേങ്ങറയിലെ അംബേദ്കർ ഗ്രാമത്തിലെ ചെറിയ അരുവിയുടെ ഓരത്താണ് മുളവീട്. നേരത്തെ താമസിച്ചിരുന്ന ഓടുമേഞ്ഞ വീടിന്റെ എക്സ്റ്റൻഷനായാണ് മുള വീട് ഉയരുന്നത്.

ഒരു ബെഡ് റൂം, ഹാൾ, ലൈബ്രറി, ടോയ്‌ലെറ്റ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

കല്ലൻമുള ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഗോവണിയിലൂടെ വീടിന്റെ ഒന്നാം നിലയിലെത്താം. വീടിന് മുന്നിലെ തോടിന് മുകളിലൂടെയുള്ള പാലവും ചുറ്റുവേലിയും നിർമ്മിച്ചിരിക്കുന്നതും മുളകൾ കൊണ്ടാണ്. മഴവെള്ളം ഷീറ്റിന് മുകളിലൂടെ ഇരുവശങ്ങളിലേക്കും ഒഴുകി വീടിന്റെ നടുത്തളത്തിലെത്തും. ഇവിടെ നിന്ന് മഴവെള്ള സംഭരണിയിലും മിച്ചമുള്ളത് തോട്ടിലേയ്ക്കും പതിക്കും.

അഞ്ചൽ, പാലോട്, മുഖത്തല എന്നിവിടങ്ങളിൽ നിന്നാണ് മുളകൾ ശേഖരിച്ചത്. പല സ്ഥലങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ജോലിക്കാരാണ് വീട് നിർമ്മിക്കുന്നത്. പണി അവസാനഘട്ടത്തിലാണ്. ജന്നൽ ഗ്ലാസ് ഒഴികെയുള്ളതെല്ലാം മുളയിൽ തന്നെയാണ് ഒരുക്കുന്നത്.

ആന മുളകൊണ്ട് തൂണ്

 ഉപയോഗിച്ചിരിക്കുന്നത് ആനമുള, പൊങ്ങുമുള, ഓലമുള, കല്ലൻ മുള, ലാത്തിമുള

 തൂണുകൾക്ക് ഉപയോഗിച്ചിരിക്കുന്നത് ആന മുള

 ഡിസൈൻ, കഴുക്കോൽ എന്നിവയ്ക്ക് പൊങ്ങുമുള

 ഷീറ്റിനും തറ പാകലിനും ഓലമുള

 തട്ടും സ്റ്റെയർകേസിനും കല്ലൻമുള

 ജന്നാല അഴികൾക്ക് ലാത്തി മുള

 അലങ്കാര വിളക്കുകളും മുളയിൽ തീർത്തത്

ഉപയോഗിച്ച മുളകൾ - 5 തരം

വിസ്തൃതി - 700 സ്ക്വയർ ഫീറ്റ്

ചെലവ് ₹ 7 ലക്ഷം

പഴയ വീട് നിലനിറുത്തണമെന്ന ആഗ്രഹത്താലാണ് തുടർച്ചയെന്ന നിലയിൽ മുളവീട് നിർമ്മിക്കാൻ തിരുമാനിച്ചത്.

തൊടിയൂർ രാധാകൃഷ്ണൻ

ഗൃഹനാഥൻ