scrap

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനയ്‌ക്ക് ജിഎസ്‌ടി വകുപ്പ്. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം അടക്കം ഏഴ് ജില്ലകളില്‍ നൂറിലേറെ ആക്രിക്കച്ചവട കേന്ദ്രങ്ങളിലായിരുന്നു പരിശോധന. വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ പാംട്രീ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധനയ‌്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ഒരേസമയം സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനം. എറണാകുളം കാക്കനാടുള്ള മേരിമാതാ ട്രേഡേഴ്സ് ഗോഡൗണിലും ഉടമയുടെ വീട്ടിലടക്കം ഒരേ സമയം ജിഎസ്ടി സംഘമെത്തി. പരിശോധന നാല് മണിക്കൂര്‍ നീണ്ടു.

റെയ്ഡിന് മുന്നോടിയായി മുന്നൂറിലേറെ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം കൊച്ചിയില്‍ ക്യാംപ് ചെയ്‌തിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ജി.എസ്.ടിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൂടി ഏകോപനത്തോടെയായിരുന്നു പരിശോധന. പാലക്കാട് ഓങ്ങല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടന്നു. വ്യാജ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ച് അനധികൃത വില്‍പന നടത്തുന്നതായാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലടക്കം ഇവര്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തി. വെട്ടിപ്പ് ആയിരം കോടി രൂപയ്ക്ക് മുകളില്‍പോകുമെന്നാണ് ജിഎസ്ടി വകുപ്പിന്‍റെ വിലയിരുത്തല്‍.