ചായ പ്രേമികൾ അധികമായുള്ള നാടാണ് നമ്മുടെ കേരളം. രാവിലെയും വെെകിട്ടും ചായ കുടിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ ചായ അമിതമായി കുടിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. സമൂസ പോലുള്ള നിരവധി ഇന്ത്യൻ വിഭവങ്ങൾ ചായയ്‌ക്കൊപ്പം കഴിക്കാറുണ്ട്. ചായ കുടിക്കുമ്പോൾ ചില ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം അവ എന്തൊക്കെയാണെന്ന് നോക്കാം.
സിട്രസ് പഴങ്ങൾ
ആരോഗ്യത്തിന് വളരെ നല്ലതാണ് സിട്രസ് പഴങ്ങൾ. ചിലർ നാരങ്ങ കട്ടൻ ചായയ്‌ക്കൊപ്പം പിഴിഞ്ഞ് കുടിക്കാറുണ്ട്. എന്നാൽ ചായയ്‌ക്കൊപ്പം ഒരിക്കലും സിട്രസ് പഴങ്ങൾ കഴിക്കാൻ പാടില്ല. ഇതിലെ ഉയർന്ന ആസിഡിക് സ്വാഭാവം ചായയിലെ ടാനിൻസ് എന്ന ഘടകവുമായി ചേർന്ന് കയ്‌പ്പ് ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞൾ
ചായയിൽ മഞ്ഞൾ ചേർക്കുന്നതും ചായയ്‌ക്കൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് ഹനികരമാണ്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതുപോലെ ചായയിൽ ടാനിൻ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റിക്കും ഗ്യാസ്‌ട്രിക് പ്രശ്നങ്ങൾക്കും കാരണമാകും.
പഴവർഗങ്ങൾ
ചായ ചൂടുള്ള ഒന്നാണ്. ഇതിനൊപ്പം പഴവർഗങ്ങൾ കൂടെ കഴിക്കുന്നത് നല്ലതല്ല. അസിഡിറ്റിയ്ക്ക് ഇത് കാരണമാകുന്നു. അതിനാൽ ചായ കുടിക്കുന്ന സമയത്ത് പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
പാൽ ഉത്പന്നങ്ങൾ
ചായ കുടിക്കുമ്പോൾ ഒരിക്കലും കൂടെ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് പാൽ ഉത്പന്നങ്ങൾ. ചീസ്, തെെര് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ചായ കുടിക്കുമ്പോൾ ഒഴിവാക്കുക. പാൽച്ചായ തന്നെ ശരീരത്തിന് നല്ലതല്ല. കട്ടൻ ചായയിലേക്ക് പാൽ ഒഴിക്കുമ്പോൾ അതിലെ ആന്റി ഓക്സിഡന്റുകളുടെ ഗുണങ്ങൾ കുറയുന്നു.
അതുപോലെ തന്നെ ചായയ്‌ക്കൊപ്പം റസ്ക് കഴിക്കരുതെന്നും പറയാറുണ്ട്. റസ്കിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പാൽച്ചായയുമായി ചേരുമ്പോൾ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കൂടുകയും ഇതിലൂടെ ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.
കൂടാതെ കുടലിലെ അണുബാധകൾ, പ്രതിരോധശേഷി കുറയ്ക്കുക, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇവയിൽ പ്രോട്ടീൻ, നാരുകൾ തുടങ്ങി ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. അതിനാൽ ചായ കുടിക്കുമ്പോൾ അവയ്ക്കൊപ്പം ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവ കഴിക്കാവുന്നതാണ്.