തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചത്. 0471 2317214 എന്നതാണ് നമ്പർ.
മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു.
അതേസമയം, തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യുനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെ നാളെ (24-05-2024) രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം മഴ പെയ്തതോടെ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്.