kb-ganesh-kumar

തൃശ്ശൂർ: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി കെ.ബി ഗണേശ് കുമാർ നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിയെ അനുഗമിക്കും.

മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. എന്താണ് ഗതാഗതകുരുക്കിന്റെ യഥാര്‍ഥ പ്രശ്‌നമെന്നത് പരിശോധിക്കുന്നതിനായാണ് മന്ത്രി നേരിട്ട് പരിശോധന നടത്തുന്നത്. മന്ത്രിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകും.

വിശദമായ പരിശോധന നടത്തിയ ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന റിപ്പോര്‍ട്ട് നാളത്തന്നെ തയ്യാറാക്കും. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കും. രാവിലെ പത്ത് മണിക്ക് ചാലക്കുടിയില്‍ നിന്ന് മന്ത്രിയുടെ പരിശോധന ആരംഭിക്കുക.

കെ.എസ്.ആർ.ടി.സിയിൽ റിസർവേഷൻ നയം പ്രാബല്യത്തിൽ

കെ.എസ്.ആർ.ടി.സിയുടെ പുതിയ റിസർവേഷൻ നയം നടപ്പിൽ വന്നു. ബസ് പുറപ്പെടാൻ രണ്ടുമണിക്കൂറിലധികം വൈകി യാത്രക്കാരന് അതിൽ പോകാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും.

പകരമുള്ള ബസിൽ യാത്ര ചെയ്തില്ലെങ്കിലും തുക 24 മണിക്കൂറിനുള്ളിൽ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നൽകും. ഓൺലൈൻ സേവന ദാതാവിന്റെ സാങ്കേതിക പിഴവുമൂലം യാത്ര തടസപ്പെട്ടാൽ അവരിൽ നിന്ന് പിഴ ഈടാക്കി നൽകും. സാങ്കേതിക തകരാർ കാരണം ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാതെവരുകയും അതേ ബസിൽ ടിക്കറ്റ് എടുക്കേണ്ടിയും വന്നാൽ നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. പുതിയ റിസർവേഷൻ നയം 20ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. ഉത്തരവ് പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ യാത്രക്കാരന് പരാതിപ്പെടാം. ഇ മെയിൽ rsnksrtc@kerala.gov.in