food

മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ടയെന്ന് തമാശയ്ക്ക് പറയാറുണ്ട്. നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ബീഫും ഇഷ്ടമല്ലാത്ത അല്ലെങ്കില്‍ കഴിക്കാത്ത മലയാളികള്‍ ഉണ്ടാകുമോയെന്ന് ചോദിച്ചാല്‍ അത് സംശയമാണ്. എന്നാല്‍ പൊറോട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമുണ്ട്. അത് നമ്മള്‍ ദിവസേന കുടിക്കുന്ന ചായയാണ്. ഈ കോംബോ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

രാവിലെ ഉണര്‍ന്ന ഉടനെ ഒരു ചായ നമ്മളില്‍ പലര്‍ക്കും നിര്‍ബന്ധമാണ്. അങ്ങനെ ചായ കുടിച്ചാലും പ്രഭാത ഭക്ഷണത്തിനൊപ്പം വീണ്ടും ചായ കുടിക്കുന്നവരും കുറവല്ല. പക്ഷേ ഒരിക്കലും പൊറോട്ടയ്ക്ക് ഒപ്പം ചായ കുടിക്കുന്നത് നല്ലതല്ല. പൊറോട്ടയെ പ്രഭാത ഭക്ഷണമായി കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് അന്നത്തെ മൊത്തം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് പൊറോട്ടയും ചായയും ഒരുമിച്ച് കഴിക്കരുതെന്ന് നിര്‍ദേശിക്കുന്നതും.

ഈ കോംബോ വലിയ ദഹനപ്രശ്‌നമുണ്ടാക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. പൊറോട്ടയിലെ എണ്ണമയം ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദാഹം തോന്നുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കും. ജോലി ചെയ്യുന്നവരായാലും പഠിക്കുന്നവരായാലും ഈ അവസ്ഥ മോശകരമാണ്. ഇതിനോടൊപ്പം ചായ കൂടി കുടിച്ചാല്‍ അതിലെ കഫീന്‍ ആമാശയത്തിലെ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഇത് കാരണം അസ്വസ്തതയുണ്ടാകുകയും ചെയ്യും. രണ്ടും കൂടി ഒരുമിച്ച് സംഭവിക്കുമ്പോള്‍ അത് വലിയ പ്രശ്‌നമായി മാറും.

പൊറോട്ടയ്‌ക്കൊപ്പം പഞ്ചസാര കലര്‍ന്ന ചായ കുടിക്കുന്നത് അമിതമായ കലോറിക്ക് കാരണമാകുന്നു. ഇതുകാരണം പൊണ്ണത്തടിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യും. പൊറോട്ടയില്‍ നിന്ന് ശരീരത്തിനെ മോശമായി ബാധിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും മാത്രമേ ലഭിക്കുകയുള്ളു. നിങ്ങള്‍ക്ക് ഭാവിയില്‍ ഹൃദ്രോരം വരാന്‍ പോലും ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നുണ്ട്.