fish

മലയാളിയുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത സ്ഥാനം തന്നെയുണ്ട് മീന്‍ വിഭവങ്ങള്‍ക്ക്. മീന്‍ കറിയോ വറുത്തതോ ഇല്ലാതെയുള്ള ഉച്ചയൂണ് അത്ര തൃപ്തികരമാകുകയുമില്ല. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെയുള്ള ഹാര്‍ബറുകളില്‍ നിന്ന് 468 ഇനം മീനുകളെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ സര്‍വേ നടത്തിയത്.

സി എം എഫ് ആര്‍ ഐയിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന വിദഗ്ധരുടെ വിവിധ സംഘങ്ങളാണ് ഒരേ സമയം രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെ കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള 26 ഹാര്‍ബറുകളില്‍ മത്സ്യ-ചെമ്മീന്‍-ഞണ്ട്-കക്ക വര്‍ഗങ്ങളുടെ വിശദമായ അവലോകനം നടത്തിയത്. ഇത്രയും അധികം ഇനം മീനുകളെ കണ്ടെത്തിയത് കേരളത്തിലെ സമുദ്രങ്ങളിലെ ജൈവവൈവിദ്ധ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരളത്തിലെ കടലുകളില്‍ നിന്ന് ഏറ്റവും അധികം ലഭിക്കുന്ന മീനുകളെ സംബന്ധി്ച്ചും സര്‍വേയില്‍ കണ്ടെത്തി. അയല, മത്തി, കൊഴുവ, ചെമ്മീന്‍, കൂന്തല്‍ തുടങ്ങിയ മീനുകളുമാണ് പിടിച്ചവയില്‍ ഏറ്റവും കൂടുതലുള്ളത്. ആഴക്കടല്‍ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളും പിടിച്ചെടുത്തത് സര്‍വേയില്‍ കണ്ടെത്തി. മാത്രമല്ല, മുമ്പ് രേഖപ്പെടുത്താത്ത, ഏഴ് ഇനം പുതിയ മീനുകളെ ഒരു ദിവസത്തെ പഠനസര്‍വേയില്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായി. കൂടുതല്‍ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

സി എം എഫ് ആര്‍ ഐയിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്നതായിരുന്നു സര്‍വേ സംഘം.