pic

തായ്‌പെയ് : തായ്‌വാന് ചുറ്റും കടലിലും ആകാശത്തുമായി രണ്ട് ദിവസം നീളുന്ന സൈനികാഭ്യാസത്തിന് തുടക്കമിട്ട് ചൈന. തായ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന ലായ് ചിംഗ് - തേ ( 64 )​ പുതിയ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

തായ്‌വാനിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയാണ് സൈനികാഭ്യാസമെന്ന് ചൈനീസ് സൈന്യം പ്രതികരിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചൈനയുടെ ശ്രമമെന്ന് തായ്‌വാൻ കുറ്റപ്പെടുത്തി.

തങ്ങളെ എതിർക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡി.പി.പി) തിരഞ്ഞെടുക്കപ്പെട്ടാൽ സംഘർഷം രൂക്ഷമാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരിയിലായിരുന്നു തായ്‌വാനിൽ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് ലായ് ചിംഗ് - തേ അധികാരം ഏറ്റെടുത്തത്.

സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്.