finance

ചെന്നൈ: നിക്ഷേപസൗഹൃദവും വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്ന സംസ്ഥാനമെന്നാണ് തമിഴ്‌നാടിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഇക്കാര്യം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് പുറത്ത് വരുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍ ഗൂഗിള്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കമെന്ന നിലയിലാണ് തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപം നടത്താന്‍ പോകുന്നത്. നിര്‍മ്മാണ പങ്കാളിയായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ച് പുത്തന്‍ പ്രൊഡക്ഷന്‍ ലൈനുകള്‍ സജ്ജീകരിച്ച് തമിഴ്‌നാട്ടില്‍ പിക്സല്‍ ഫോണുകളുടെ അസംബ്ലി ആരംഭിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസായ മന്ത്രി ടിആര്‍ബി രാജയും മുതിര്‍ന്ന എക്സിക്യൂട്ടീവുകളും ഉള്‍പ്പെടെയുള്ള തമിഴ്നാട് സര്‍ക്കാരില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം യുഎസിലെ മുതിര്‍ന്ന ഗൂഗിള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അടുത്തിടെയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക പരിപാടി തന്നെ സംഘടിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരുന്നതിനോടും അനുബന്ധമായി തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അനുഭാവ നിലപാടുകളാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വ്യാവസായിക വളര്‍ച്ച കൈവരിക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്ന് മുമ്പ് സ്റ്റാലിന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അയല്‍ സംസ്ഥാനത്തിന്റെ ഈ നയവും വികസന മോഡലും തീര്‍ച്ചയായും കേരളത്തിനും മാതൃകയാക്കാവുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) നിര്‍മ്മാതാക്കളായ എച്ച്പിയുമായി ചേര്‍ന്ന് ഗൂഗിള്‍ നേരത്തെ ചെന്നൈയിലെ ഫ്‌ലെക്‌സ് സൗകര്യത്തില്‍ ക്രോംബുക്‌സ് നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു. .9.56 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ തമിഴ്നാട് നിലവില്‍ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ മുന്നിലാണ്, ഇത് ഈ മേഖലയിലെ രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്ന് വരും.