തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ആസ്ഥാനമായ പാളയം എൽ.എം.എസ് പള്ളിക്കു മുമ്പിൽ വിശ്വാസികൾ ചേരിതിരിഞ്ഞ് സംഘർഷം. പുതുതായി ഭരണച്ചുമതലയേറ്റ ബിഷപ് ഡോ. മനോജ് റോയിസ് വിക്ടറിനെ ഒരു വിഭാഗം ചേർന്ന് ഇറക്കിവിട്ടു. പിരിച്ചുവിടപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് സമിതി സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിശ്വാസികളാണ് ബിഷപ്പിനെ ഇറക്കിവിട്ടത്. ഇതിനെതിരെ വിശ്വാസികൾ രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേർപ്പെടുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചു.
ദക്ഷിണകേരള മഹായിടവക അടക്കമുള്ള സി.എസ്.ഐ സിനഡ് പിരിച്ചുവിട്ട് മദ്രാസ് ഹൈക്കോടതി ഭരണച്ചുമതല രണ്ടംഗ മുൻ ജഡ്ജിമാരുടെ സമിതിക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്ന് നിലവിലുണ്ടായിരുന്ന മഹായിടവകയുടെ അഡ്മിനിസ്ട്രേറ്റീവ് സമിതിയെ പിരിച്ചുവിട്ട് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായി ഡോ. മനോജ് റോയിസ് വിക്ടറിനേയും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി മുൻ എസ്.പി കെ.ജി.സൈമണെയും നിയമിച്ചിരുന്നു. അതിനിടെ, മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, തത്സ്ഥിതി തുടരാൻ ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.ടി.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ മഹായിടവക ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ട് അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്.
എന്നാൽ, മഹായിടവകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള നടപടികൾക്ക് മാത്രമാണ് സുപ്രീംകോടതി സ്റ്റാറ്റസ്കോ പ്രഖ്യാപിച്ചതെന്നും ഭരണച്ചുമതല നിർവഹണവുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. പുതിയ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച ഇവർ, ബിഷപ്പിനെ സ്ഥലത്തുനിന്ന് പോകാൻ അനുവദിച്ചിട്ടില്ല. സഭാ ആസ്ഥാനത്തു കടന്നുകയറി അധികാരം പിടിച്ചെടുത്ത ടി.ടി.പ്രവീൺ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.