മഴയെത്തും മുമ്പ്, പുതുക്കോട്ടയിലെ പുതുമണവാളൻ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആനി. വിവാഹശേഷം അഭിനയം നിർത്തിയെങ്കിലും ചാനൽ പരിപാടികളിൽ സജീവമാണ് നടി.
ആനി അവതരിപ്പിക്കുന്ന ചാനൽ പരിപാടിയിൽ അടുത്തിടെ അനാർക്കലി മരക്കാറും അഖിലും അതിഥികളായി എത്തിയിരുന്നു. പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് ഇരുവരുമെത്തിയത്. ഇതിനിടെ ആനി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അമ്മ ഓൾഡ് ജനറേഷനാണെന്ന് മക്കൾ പറയാറുണ്ടെന്ന് ആനി പറയുന്നു. 'എന്റെ മക്കൾ ഉൾപ്പടെ എന്നോട് പറയുന്നത് എന്താണെന്നറിയാമോ അഖിലേ, അമ്മ ഓൾഡ് ജനറേഷനാണ്. അമ്മ ഞങ്ങളുടെ ജനറേഷനടുത്തേക്ക് എത്തിയിട്ടില്ലെന്ന്. ഈ എത്തൽ എന്തുവാ. എനിക്കത് മനസിലാകുന്നില്ല,'- ആനി പറഞ്ഞു.
ഇതിനിടയിൽ ചേച്ചി കുലസ്ത്രീയാണെന്ന് കമന്റ് കാണാറുണ്ടെന്ന് അഖിൽ പറയുന്നു. 'അതെ അങ്ങനെ കേൾക്കുന്നുണ്ട്. ഇനിയിപ്പോൾ ഞാൻ അനാർക്കലിയോട് എന്തെങ്കിലും ചോദിച്ചാൽ തന്നെ, ഇതൊക്കെ പറയാനും ചോദിക്കാനും ഇവളാര് കുലസ്ത്രീയോ എന്ന് ആളുകൾ പറയും. അനാർക്കലിയോട് എന്തെങ്കിലും ചോദിക്കണമെന്ന് കരുതിയാൽ തന്നെ ഞാൻ ആദ്യം ആലോചിക്കുന്നത് ദൈവമേ ചോദിക്കണോ എന്നാണ്. എന്തായാലും ഞാൻ ചോദിക്കും,'- എന്ന് ആനി മറുപടി നൽകി.
അപ്പോൾ ചേച്ചി കുല സ്ത്രീ അല്ലല്ലോ എന്ന് അഖിൽ വീണ്ടും ചോദിക്കുന്നു. 'കുലസ്ത്രീ ആണ്. ആ ഒരു പേര് തന്നോണ്ട് എനിക്ക് ഒരു വിഷമവുമില്ല. അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാടാണ്,'- ആനി പറഞ്ഞു.
താൻ തുറന്ന് സംസാരിക്കുന്ന വ്യക്തിയാണെന്നും, അത് ചിലർക്ക് ഇഷ്ടപ്പെടില്ലായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'അഖിൽ പറഞ്ഞ ഒരു കോമഡിക്ക് ഞാൻ ചിരിച്ചാൽ പോലും ഇവൾ എന്ത് കൊലച്ചിരിയാണ് എന്നാണ് നാട്ടുകാർ പറയുക. മനുഷ്യന് മനസുതുറന്ന് ചിരിക്കാൻ പാടില്ലേ.
സന്തോഷം വരുമ്പോൾ ചിരിച്ചാൽ എന്താണ്. ഓരോരുത്തരും ഓരോ രീതിയിലല്ലേ സന്തോഷം പ്രകടിപ്പിക്കുക. ഞാൻ ചിലപ്പോൾ തുറന്നുചിരിച്ചെന്നിരിക്കും. ഞാൻ തുറന്നുവർത്തമാനം പറയുന്ന വ്യക്തിയാണ്. അത് ചിലർക്ക് ഇഷ്ടപ്പെടില്ലായിരിക്കും. വർത്തമാനം പറയുന്നതുകൊണ്ട് തെറ്റൊന്നുമില്ല. ഒരു മനുഷ്യൻ ചിരിക്കുന്നത് കൊലച്ചിരിയായി എടുക്കുകയാണെങ്കിൽ, അങ്ങനെ എടുക്കുന്നവരുടെ മനസിന്റെ കുഴപ്പമല്ലേ, എന്റെ മനസിന്റെയല്ല. എന്നെയത് ബാധിക്കുന്നില്ല. ഇപ്പോഴത്തെ ജനറേഷനോട് ഞാൻ ചോദിക്കുന്നത് എനിക്കൊരു ക്ലാരിഫിക്കേഷൻ മാത്രമാണ്,'- ആനി വ്യക്തമാക്കി.