nino-mathew

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷയും കോടതി ശരിവച്ചു. അനുശാന്തി നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

2014 ഏപ്രിൽ 16നാണ് സംഭമുണ്ടായത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകൾ സ്വാസ്‌തിക, ഭ‌ർത്താവിന്റെ അമ്മ ഓമന (57) എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടെക്‌നോപാർക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് നിനോ മാത്യു ക്രൂരകൃത്യം ചെയ്‌തത്.

അനുശാന്തി ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അറേബ്യയിലെ മുഴുവൻ സുഗന്ധലേപനങ്ങൾ കൊണ്ട് കൈ കഴുകിയാലും പാപക്കറ മാറില്ലെന്ന് വ്യക്തമാക്കിയാണ് മുമ്പ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സ്വന്തം മകളെ കൊലപ്പെടുത്താൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി പറഞ്ഞിരുന്നു.

പിന്നീട് ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികളുടെയും സാമൂഹ്യ - സാമ്പത്തിക - കുടുംബ പശ്‌ചാത്തലം, മനോനില, ക്രിമിനൽ പശ്ചാത്തലം, പീഡനം, അവഗണന തുടങ്ങിയവ നേരിട്ടതിന്റെ ചരിത്രം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹിയിലെ നാഷണൽ ലാ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ " പ്രൊജക്ട് 39 എ " എന്ന ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത്. പ്രതികളുടെ മനോനില, തൊഴിൽ, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും മിറ്റിഗേഷൻ റിപ്പോർട്ടുകൾ നൽകണമെന്ന് കോടതി അന്ന് നിർദേശിച്ചിരുന്നു.

മിറ്റിഗേഷൻ അന്വേഷണം
വധശിക്ഷ കുറയ്ക്കാൻ മതിയായ മറ്റു കാരണങ്ങളുണ്ടോ, പ്രതിയെങ്ങനെ ക്രിമിനലായി മാറിയെന്നത് ഉൾപ്പെടെയുള്ള വസ്തുതകളാണ് ഇതിൽ പരിശോധിക്കുക. ഇന്ന് ഹൈക്കോടതി തീരുമാനമെടുക്കുന്നത് വരെ പ്രൊജക്ട് 39 എ അംഗങ്ങൾ നൽകിയ റിപ്പോർട്ടുകൾ ഹൈക്കോടതി രജിസ്ട്രി മുദ്രവച്ച കവറിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പകർപ്പുകൾ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നൽകി. അവരും റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന നിയമം നിലവിലുണ്ട്. ശേഷമാണ് ഹൈക്കോടതി ഇന്ന് ഈ റിപ്പോർട്ട് പരിഗണിച്ചത്.