helicopter

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വരികയായിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. സാങ്കേതിക തകരാറിനെ തുടർന്നാണ് അടിയന്തരമായി ലാൻഡ് ചെയ്‌തത്. ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട ഹെലികോപ്‌റ്റർ പരിഭ്രാന്തി പരത്തി.

ഹെലിപാഡിൽ നിന്ന് 100 മീറ്റർ അകലെയാണ് ഹെലികോപ്‌റ്ററിന് ലാൻഡ് ചെയ്യാനായത്. ഇതിനിടെ പിൻഭാഗം നിലത്തിടിച്ച് തകരുകയും ചെയ്‌തു. ഹെലികോപ്‌റ്റർ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിന്റെ ഭീതി പരത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിർസി ഹെലിപാഡിൽ നിന്ന് തീർത്ഥാടകരുമായി പറന്നുയർന്ന ഹെലികോപ്‌റ്ററാണ് കേദാർനാഥിലെ ഹെലിപാടിന് സമീപത്തായി അടിയന്തര ലാൻഡിംഗ് നടത്തിയത്.

View this post on Instagram

A post shared by ghantaa (@ghantaa)

പൈലറ്റ് ഉൾപ്പെടെ ഏഴുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. വിമാനത്തിലുണ്ടായിരുന്ന യത്രക്കാരെല്ലാം സുരക്ഷിതരാണ്. ഹെലിപാഡിന് സമീപം നിരവധിപേർ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഭയം കാരണം ഇവരെല്ലാം ചിതറി ഓടുകയാണ്. ഹെലിപാഡിന് സമീപത്തുള്ള താഴ്‌ന്ന പ്രദേശത്താണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്‌തത്.