kochi

കൊച്ചി: ജില്ലാ കളക്‌ടർ മാത്രം വിചാരിച്ചാൽ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വരുന്ന വെള്ളം മുഴുവൻ മലിനമാണെന്നും പ്രശ്‌ന പരിഹാരത്തിന് കൂട്ടായ പ്രവർത്തനം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജില്ലയിലെ വെള്ളക്കെട്ടിന് കാരണമായ ഹോട്ട്‌സ്‌പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്‌ടർ ഉൾപ്പെട്ട വിദഗ്ദ്ധ സമിതിക്ക് ഹൈക്കോടതി നിർദേശം നൽകി. മുല്ലശേരിക്കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ജനങ്ങളുടെ സഹായം കൂടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ജില്ലാ കളക്‌ടറും കോർപ്പറേഷൻ സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെയും ഹൈക്കോടതി അഭിനന്ദിച്ചു.

നഗരസഭയുടെ മേല്‍നോട്ടമില്ലാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി മെട്രോയും നടത്തുന്ന അശാസ്ത്രീയമായ നടപ്പാത നിര്‍മ്മാണാണ് ആലുവ നഗരത്തെ വെള്ളക്കെട്ടിലാക്കിയത് എന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഒരു മണിക്കൂറോളം പെയ്ത മഴയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി പരിസരം, ബാങ്ക് കവല - മാര്‍ക്കറ്റ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ്, കുന്നുംപുറം റോഡ്, അന്‍വര്‍ ആശുപത്രി റോഡ്, ശ്രീകൃഷ്ണക്ഷേത്രം റോഡ്, മാര്‍ക്കറ്റ് മേല്‍പ്പാലം അണ്ടര്‍പാസേജ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മാര്‍ക്കറ്റ് റോഡിലും ബൈപ്പാസ് ഭാഗത്തും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ബൈപ്പാസ് ഭാഗത്തെ മുക്കത്ത് സാജിത ഷെരീഫിന്റെ വീട്ടിലും വെള്ളം കയറി.

* നവീകരിക്കുന്നത് കൊച്ചി മെട്രോയും പി.ഡബ്ല്യു.ഡിയും

കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബൈപ്പാസ്, പാലസ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ്, തൈനോത്ത് റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ കൊച്ചിമെട്രോയും റെയില്‍വേ സ്റ്റേഷന്‍ റോഡ്, സബ് ജയില്‍ റോഡ് എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പുമാണ് നടപ്പാതകള്‍ നവീകരിക്കുന്നത്.

* പരാതിയുമായി വ്യാപാരികള്‍

കാനകള്‍ ശരിയായി നവീകരിക്കാതെയാണ് കാനകള്‍ക്ക് മുകളില്‍ ഗ്രാനൈറ്റുകള്‍ വിരിച്ച് നവീകരിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇതേകാനയിലേക്ക് തള്ളുന്നുണ്ടെന്ന് പരാതിയുണ്ട്. കാനയുടെ നവീകരണം നടക്കുമ്പോഴെങ്കിലും ഇത്തരത്തിലുള്ള പൈപ്പുകള്‍ നീക്കംചെയ്യുമെന്ന് കരുതിയെങ്കിലും നടപടിയുണ്ടായില്ല.

പൊതുകാന നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. നടപ്പാത നവീകരിച്ച ഭാഗത്തെല്ലാം മഴവെള്ളം പോകുന്നതിനായി കാനയിലേക്ക് ചെറിയ ദ്വാരം ഇട്ടിട്ടുണ്ടെങ്കിലും അതും പലയിടത്തും മാലിന്യം തങ്ങി അടഞ്ഞിരിക്കുകയാണ്.