1

കുന്നംകുളം: കടങ്ങോട് വൻ ചാരായ വേട്ടയിൽ 40 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമായി രണ്ടു പേരെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. കടങ്ങോട് സ്വദേശികളായ മംഗലത്ത് വളപ്പിൽ വീട്ടിൽ ഉദയകുമാർ(36), വലിയവളപ്പിൽ വീട്ടിൽ അശോകൻ(53) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം കടങ്ങോട് മേഖലയിൽ പരിശോധന നടത്തി വരുന്നതിനിടെ 5 ലിറ്ററിന്റെ കന്നാസ് ബൈക്കിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാരായമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം ചാരായം നിർമ്മിക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. കടങ്ങോട് ആളൊഴിഞ്ഞ പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രതികളുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ബൈക്കുകൾ, ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഗ്യാസ് അടുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.ജി. ശിവശങ്കരൻ, മോഹൻദാസ്, എൻ.ആർ. രാജു, എ.സി. ജോസഫ്, സിദ്ധാർത്ഥൻ,പ്രിവന്റീവ് ഓഫീസർ ടി.വി. സന്തോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ആർ. ശ്രീരാഗ്, ലത്തീഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.