കാസർകോട്: പനി ബാധിച്ച് ആശുപത്രിയിൽ കൊണ്ടുവന്ന ഒരു വയസുകാരന്റെ സ്വർണമാല കവർന്ന കേസിൽ പ്രതിയായ യുവതിക്ക് കോടതി ആറ് മാസം തടവും 10,000 രൂപ പിഴയും വിധിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലെ ഹൊസൂർ അമ്മൻകോവിൽ തിരു സ്വദേശിനി ദിവ്യ(44)ക്കാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.സി ആന്റണി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2017 ജൂലായ് അഞ്ചിന് ഉച്ചക്ക് 12.30 മണിയോടെ ചെർക്കള അഞ്ചാംമൈലിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. ബംബ്രാണി നഗറിലെ ബി അബ്ദുൽ റഹ്മാൻ തന്റെ ഒരു വയസുള്ള ആൺകുഞ്ഞിന് പനി ബാധിച്ചതിനാൽ ഡോക്ടറെ കാണിക്കാനായി ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. ക്യൂ നിൽക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത ശേഷം രണ്ട് യുവതികൾ കടന്നു കളയുകയാണുണ്ടായത്. കൂട്ടുപ്രതി ജൻജന ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയി. അന്നത്തെ വനിതാ എസ്.ഐ ആയിരുന്ന കെ.ലീലയാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.