usa

ന്യൂയോർക്ക്: ബംഗ്ലാദേശിനെ ഞെട്ടിച്ച് തുടർച്ചയായ രണ്ടാം ജയവുമായി ട്വന്റി-20 പരമ്പര സ്വന്തമാക്കി യു.എസ്.എ. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 റൺസിന്റെ ജയം നേടിയാണ് യു.എസ്. പരമ്പര സ്വന്തമാക്കിയത്. ഡാലസിലെ പ്രയിർ വ്യൂ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എസ്. എ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറിൽ 138 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ഡത്ത് ഓവറുകളിൽ തകർപ്പൻ ബൗളിംഗ് കാഴ്ചവച്ച അലിഖാനാണ് യു.എസിന്റെ വിജയ ശില്പിയും കളിയിലെ താരവും. ഡെത്ത് ഓവറുകളിൽ 9 പന്തിൽ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് അലി ഖാൻ യു.എസിന് വിജയം സമ്മാനിച്ചത്. അലിഖാൻ 18-ാം ഓവർ എറിയാനെത്തുമ്പോൾ ബംഗ്ലാദേശിന് 18 പന്തിൽ 21 റൺസ് വേണമായിരുന്നു ജയിക്കാൻ. എന്നാൽ 18-ാം ഓവറിലെ ആദ്യ പന്തിൽ ഷാക്കിബ് അൽ ഹസ്സനെയും (30), മൂന്നാം പന്തിൽ തൻസിമിനേയും (0) പുറത്താക്കിയ ഖാൻ അവസാന ഓവറിലെ മൂന്നാം പന്തിൽ റിഷാദ് ഹൊസൈനെ (9) ക്യാപ്ടൻ മോണക് പട്ടേലിന്റെ കൈയിൽ എത്തിച്ച് യു.എസിന്റെ വിജയം ഉറപ്പിച്ചു.

നേരത്തേ യു.എസിനായി മോണക് പട്ടേൽ (42), സ്റ്റീവൻ ടെയ്‌ലർ (31), ആരോൺ ജോൺസ് (35) എന്നിവർ തിളങ്ങി. ബംഗ്ലാദേശിനായി ഷൊറിഫുളും മുസ്തഫിസുറും റിഷാദും 2 വിക്കറ്റ് വീതം വീഴ്ത്തി.

യു.എസ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച നേട്ടം. ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ പരമ്പര നേട്ടം ആദ്യമായി.

ആദ്യ മത്സരത്തിൽ ജയം 5 വിക്കറ്റിന്.

യു.എസ് ലോകറാങ്കിംഗിൽ 19-ാമതും ബംഗ്ലാദേശ് 9-ാമതും.