xavi

ബാഴ്‌സലോണ: സീസണില്‍ ഒരു കിരീടം പോലും നേടാനാകാത്തതിന് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്ന് ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസിനെ പുറത്താക്കി എഫ്.സി ബാഴ്‌സലോണ. ക്ലബ്ബിന്റെ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ടയാണ് സാവിയെ പുറത്താക്കിയ കാര്യം സ്ഥിരീകരിച്ചത്. അടുത്ത സീസണിലും സാവി തന്നെ ടീമിനെ പരിശീലിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ശേഷമാണ് തീരുമാനത്തില്‍ മാറ്റം വന്നത്.

ഞായറാഴ്ച സെവിയ്യയ്ക്കെതിരേ നടക്കുന്ന ബാഴ്സലോണയുടെ അവസാന മത്സരത്തിനു ശേഷം സാവി ചുമതലയൊഴിയും. പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്സലോണ നന്ദി അറിയിക്കുന്നു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാഴ്സലോണയുടെ പരിശീലന അക്കാദമിയായ സിയൂട്ട് എസ്പോര്‍ട്ടിവ് ജോവന്‍ ഗാമ്പറില്‍ വെച്ചായിരുന്നു തീരുമാനം. സ്പോര്‍ട്സ് വൈസ് പ്രസിഡന്റ് റഫ യുസ്തെ, ഡയറക്ടര്‍, സാവിയുടെ അസിസ്റ്റന്റായ ഓസ്‌കര്‍ ഹെര്‍ണാണ്ടസ്, സെര്‍ജിയോ അലെഗ്രെ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

2021-ലാണ് സാവി ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടിയിരുന്നു. മൂന്ന് സീസണുകളിലായി 142 മത്സരങ്ങളാണ് സാവിയുടെ കീഴില്‍ ബാഴ്‌സ കളത്തിലിറക്കിയത്.

അതേസമയം, സാവിയുടെ പകരക്കാരനനായി മുന്‍ ബയേണ്‍ മ്യൂണിക്ക് പരിശീലകനും ജര്‍മ്മന്‍ മുന്‍ ദേശീയ ടീം പരിശീലകനുമായ ഹാന്‍സി ഫ്‌ളിക്കിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.