fish

തിരുവനന്തപുരം: അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാതായതോടെ തീരദേശവാസികളുടെ ജീവിതം ദുരിതത്തിലായി. കാറ്റും മഴയും കടല്‍ക്ഷോഭവും ശക്തമായി തുടരുന്നതിനാല്‍ കടലില്‍ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയ നാള്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം മലയാളികളെ സംബന്ധിച്ച് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് മീനിന് വില കൂടുമെന്ന ആശങ്കയും ഉണ്ട്. ഹോട്ടലുകളിലും ഈ കാലഘട്ടത്തില്‍ മീന്‍ വിഭവങ്ങള്‍ക്ക് വില കൂടും.

ഈ ദുരിതകാലം കടന്നു പോകാന്‍ എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുമെന്നും ഏതെല്ലാം ബാദ്ധ്യതകളില്‍ കുടുങ്ങുമെന്നും നിശ്ചയമില്ലാതെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. മോശം കാലാവസ്ഥ തീരദേശത്തെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് പണിയില്ലാതാവുന്ന തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറാകുന്നില്ലായെന്നും പരാതിയുണ്ട്.

തകര്‍ന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും യാനങ്ങള്‍ക്കും പകരം നല്‍കാന്‍ നടപടി സ്വീകരിക്കണം

പലിശരഹിത വായ്പകള്‍ ഉറപ്പാക്കണം

അടിയന്തര സേവനം ഉറപ്പ് വരുത്താന്‍ സുരക്ഷാ സേനയെ വിന്യസിക്കണം

തീരസംരക്ഷണം ഉറപ്പ് വരുത്തണം

കടക്കെണിയും പട്ടിണിയും

ആഭരണങ്ങള്‍ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തും പലരും ഇപ്പോള്‍ തന്നെ കടത്തില്‍ മുങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശക്കാരില്‍ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവരും കൂട്ടത്തിലുണ്ട്. അനുബന്ധ മേഖലയില്‍ പണിയെടുത്തിരുന്ന സ്ത്രീത്തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യ ചെലവുകള്‍ക്കും വഴിയില്ലാതായി. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.

ദുരിതത്തില്‍ അകപ്പെട്ടവര്‍

കുളത്തൂര്‍, പൂവാര്‍, കരുംകുളം, കോട്ടുകാല്‍ പഞ്ചായത്തുകളിലായി പൊഴിയൂര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരദേശവാസികള്‍

കൃത്യമായ നഷ്ടപരിഹാരം നല്‍കണം.പലപ്പോഴും സ്വജീവനും കുടുംബാംഗങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനിടയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വേണ്ടുംവിധം സംരക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകൃതിക്ഷോഭം ശക്തമാകുമ്പോള്‍ തീരത്ത് അടുക്കിവച്ചിട്ടുള്ള യാനങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. സര്‍ക്കാര്‍ ഇവയ്ക്ക് നല്‍കുന്നത് പരിമിതമായ നഷ്ടപരിഹാരമാണ്. എന്നാല്‍ അതു പോലും സമയബന്ധിതമായി ലഭിക്കുന്നില്ല. മത്സ്യങ്ങളുടെ ലഭ്യതക്കുറവും യന്ത്രോപകരണങ്ങളുടെയും ഇന്ധനത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റവും കാരണം പൊതുവെ കടല്‍പ്പണി നഷ്ടത്തിലാകുന്ന സാഹര്യമാണ് ഇപ്പോഴുള്ളത്.


ജൂണ്‍ 9 മുതല്‍ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന കാലയളവില്‍ വിപുലമായ തയ്യാറെടുപ്പുകളുമായി ജില്ലാഭരണകൂടം. ഫിഷറീസ് വകുപ്പ്,ഹാര്‍ബര്‍ എന്‍ജിനിയറിംഗ്,മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യോഗത്തിനു ശേഷം കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ ചേരും.കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡി. ജില്ലാ മജിസ്ട്രേറ്റ് സി.പ്രേംജി.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി,ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്,പൊലീസ്, സിവില്‍ സപ്ലൈസ്,വാട്ടര്‍ അതോറിട്ടി തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

തീരുമാനങ്ങള്‍

വിഴിഞ്ഞത്ത് ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

ഫിഷറീസ് ഡയറക്ടറേറ്റില്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം

18 സീ റെസ്‌ക്യൂ ഗാര്‍ഡുകള്‍

മുതലപ്പൊഴിയില്‍ മൂന്ന് ഷിഫ്റ്റുകളിലായി ജീവന്‍ രക്ഷാ സ്‌ക്വാഡുകള്‍

പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി വിഴിഞ്ഞത്ത് മറ്റൈന്‍ ആംബുലന്‍സ്

മുതലപ്പൊഴി ഹാര്‍ബറില്‍ ഒരു പട്രോളിംഗ് ബോട്ട്

വിഴിഞ്ഞത്ത് ഒരു ചെറുവള്ളം, ബോട്ട് ; മുതലപ്പൊഴിയില്‍ രണ്ട് ചെറുവള്ളം, ബോട്ട്

കാലാവസ്ഥാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും

തീരദേശത്തെ ആരാധനാലയങ്ങളിലെ പ്രതിനിധികളടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പുകള്‍

24 മണിക്കൂറും ഗ്രൂപ്പ് നിരീക്ഷിക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് വെരിഫിക്കേഷന്‍

ലൈഫ് ജാക്കറ്റടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ഫിഷറീസ്, കോസ്റ്റല്‍ പൊലീസിനെ അറിയിക്കണം

യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ നിര്‍ബന്ധം

ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് അംഗീകൃത വലകളുടെ പരിശോധന

അടിയന്തര നമ്പര്‍ - 1077

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടര്‍ ഓഫീസ് - 0471 2480335, 2481118

അസിസ്റ്റന്റ് ഡയറക്ടര്‍ - 9496007035

ഡെപ്യൂട്ടി ഡയറക്ടര്‍ - 9496007026

ജോയിന്റ് ഡയറക്ടര്‍ - 9496007023