meera-vasudev

സിനിമാ സീരിയൽ താരം മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. ഇരുവരുടെയും വിവാഹം കോയമ്പത്തൂരിൽ വച്ച് ലളിതമായാണ് നടന്നത്. വിവാഹിതയായത് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

'ഈ മാസം 21ന് ‌ഞങ്ങൾ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു. പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ പുതിയങ്കം.ഛായാഗ്രാഹകനായ അദ്ദേഹം ഒരു രാജ്യാന്തര പുരസ്‌കാര ജേതാവുമാണ്. 2019 മുതൽ ഞങ്ങൾ ഒരുമിച്ച് സീരിയലിൽ പ്രവർത്തിക്കുകയാണ്. ഏകദേശം ഒരു വർഷമായി ഞങ്ങൾ സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കലാ ജീവിതത്തിൽ നൽകിയ സ്‍നേഹം എന്റെ ഭർത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'- താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

View this post on Instagram

A post shared by Meera Vasudevan (@officialmeeravasudevan)

താരത്തിന്റെ മൂന്നാം വിവാഹമാണിത്. 2005ലായിരുന്നു ആദ്യവിവാഹം. വിശാൽ അഗർവാളിനെയാണ് അന്ന് മീരാ വാസുദേവൻ വിവാഹം കഴിച്ചത്. 2015ൽ ഇരുവരും വിവാഹമോചിതരായി. ശേഷം നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഇതിൽ ഇവർക്ക് ഒരു മകനുണ്ട്. 2016ൽ ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം ജോണും മറ്റൊരു വിവാഹം ചെയ്തിരുന്നു.

മോഹൻലാൽ നായകനായ തന്മാത്രയിലൂടെയാണ് മീരാ വാസുദേവൻ മലയാള സിനിമയിലെത്തിയത്. ഒരുവൻ, കൃതി, ഇമ്പം, അപ്പുവിന്റെ സത്യാന്വേഷണം, സെലൻസർ, കിർക്കൻ, അഞ്‍ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നിവയാണ് താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീരാ വാസുദേവൻ വീണ്ടും മലയാളികളുടെ പ്രിയ താരമായി മാറിയത്. വിപിൻ പുതിയങ്കമാണ് കുടുംബവിളക്കിന്റെ ഛായാഗ്രാഹകൻ.