santosh-sivan

കാൻ ചലച്ചിത്ര മേളയുടെ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സ്വന്തമാക്കി ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. ഛായാഗ്രഹണ മികവിനുളള പുരസ്കാരമാണിത്. ആദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. നിരവധിപേരാണ് സന്തോഷ് ശിവന് അഭിനന്ദനവുമായി എത്തുന്നത്.

മോഹൻലാലും സന്തോഷ് ശിവന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. "2024 കാൻ ചലച്ചിത്രമേളയിൽ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷിയാകുന്നതിൽ ആവേശം തോന്നുന്നു. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷ് ശിവന് അഭിനന്ദനങ്ങൾ! ബാറോസ് യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഉപയോഗപ്പെടുത്താനായി എന്നത് അഭിമാനകരമായ നേട്ടമായി അംഗീകരിക്കുന്നു. ഏറ്റവും അർഹമായ അംഗീകാരം"- മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2013ലാണ് പിയർ ആഞ്ജിനോ എക്‌സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്‌കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്. ആധുനിക സൂം ലൈൻസിന്റെ പിറവിക്ക് കാരണഭൂതനായ പിയർ ആഞ്ജിനോയുടെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Santosh Sivan ASC (@sivan_santosh)

സന്തോഷ് ശിവൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുളള സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.