എരുമേലി: മുക്കൂട്ടുതറയിലെ കടത്തിണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുക്കൂട്ടുതറ ഇടത്തികാവ് സ്വദേശി മനോജ് (42)) അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെയാണ് ലോട്ടറി വില്പനക്കാരനായ കനകപ്പലം ശ്രീനിപുരം സ്വദേശി ഗോപി (72) യെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി ഒരു പേരും വിലാസവും എഴുതിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടരന്വേഷണമാണ് മനോജിലേക്കെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. വീടുമായി വലിയ ബന്ധം ഉള്ള ആളായിരുന്നില്ല മരണപ്പെട്ട ഗോപി. കടത്തിണ്ണയിലായിരുന്നു ഉറക്കം. ഗോപി മനോജിനെ മിക്കപ്പോഴും കളിയാക്കുമായിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് കൊല ചെയ്യാൻ കാരണമായതെന്നും മനോജ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴുത്തിൽ തോർത്ത് മുറുക്കിയാണ് ഗോപിയെ കൊലപ്പെടുത്തിയത്. മനോജ് സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ്. മനോജിനെ സംഭസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.