s

പാട്ന: പ്രതിപക്ഷത്തിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽ.ഇ.ഡി. ബൾബിന്റെ കാലത്ത് ചിലർ റാന്തലുമായി നടക്കുന്നുവെന്ന് മോദി പരിഹസിച്ചു. ബീഹാറിലെ പാടലിപുത്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാർ

ഇരുട്ടിലിരിക്കുമ്പോൾ സ്വന്തം വീട്ടിൽ മാത്രമാണ് പ്രതിപക്ഷം വെളിച്ചമെത്തിക്കുന്നതെന്നും പറഞ്ഞു.

സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് പുതിയ ദിശ നൽകിയ നാടാണ് ബീഹാർ. എസ്.സി,​ എസ്.ടി,​ ഒ.ബി.സി. വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിപ്പറിച്ച് മുസ്ലിങ്ങൾക്ക് നൽകാനുള്ള ഇന്ത്യ സഖ്യത്തിന്റെ പദ്ധതികളെ ഇവിടെവച്ച് തന്നെ തകർക്കും. വോട്ട് ജിഹാദിൽ ഏർപ്പെട്ടവരുടെ പിന്തുണ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒ.ബി.സി പട്ടികയിൽ മുസ്ലിം വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള ബംഗാൾ സർക്കാരിന്റെ ശ്രമം കൽക്കട്ട ഹൈക്കോടതി വിഫലമാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യാ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആരോപിച്ചു.

പദവിയുടെ മാന്യത മറക്കരുത്: പ്രിയങ്ക

"ഇന്ത്യ" സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന തിരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. "ഇന്ത്യ" സഖ്യം മുസ്ലിം വോട്ട് ബാങ്കിന്റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചു.

ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു ഭാഷ ഉപയോഗിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു.

ദക്ഷിണേഷ്യയിൽ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് മുജ്റ. സ്ത്രീകളാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളിലേക്കു കൂടുതൽ ശ്രദ്ധയാകർഷിക്കും വിധമാണ് ഈ നൃത്തരൂപം.മോദിയുടെ പരാമർശങ്ങളോട് കടുത്ത ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്.