rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നുവെന്നും അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയുള്ള മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാദ്ധ്യത.

കഴിഞ്ഞ 06 മണിക്കൂറിനുള്ളില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ട് നീങ്ങി. വൈകുന്നേരത്തോടെ കിഴക്കന്‍ മദ്ധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒരു ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ട്. കൂടുതല്‍ വടക്കോട്ട് നീങ്ങുന്നത് തുടരുകയാണെങ്കില്‍, മെയ് 26 ന് പുലര്‍ച്ചയോടെ ഇത് തീവ്രമായ ചുഴലിക്കാറ്റായി മാറുകയും മെയ് 26 അര്‍ദ്ധരാത്രിയോടെ സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ ബംഗ്ലാദേശും പശ്ചിമ ബംഗാള്‍ തീരങ്ങളും കടന്ന് ഒരു തീവ്രചുഴലിക്കാറ്റായി 110-120 വേഗതയില്‍ വീശിയടിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 16 സെന്റീമീറ്ററിനും 68 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തിന് മുകളിലും ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. അതിനാലാണ് ശക്തമായ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.