ബംഗളൂരു: കർണാടകയിൽ ചൂതുകളി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിന് പിന്നാലെ രോഷാകുലരായ ആൾക്കൂട്ടം പൊലീസ് സ്‌റ്റേഷൻ കത്തിച്ചു.
ദാവൻഗെരെയിലെ ചന്നഗിരി പൊലീസ് സ്‌റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്‌തത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശനിയാഴ്ചയാണ് ആദിലിനെ(30) പൊലീസ് പിടികൂടിയത്. സ്‌റ്റേഷനിൽ വച്ച് ഇയാൾ കുഴഞ്ഞുവീഴുകയും മരണപ്പെടുകയും ചെയ്‌തു. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും അതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. എന്നാൽ
കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റാണ് ആദിൽ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. പിന്നാലെ രോഷാകുലരായ ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.
കല്ലെറിയുകയും പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു.
യുവാവിന്റെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്നും ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു. സ്ഥലത്ത് കൂടുതൽ പോലീസ് സംഘത്തെ നിയോഗിച്ചു. സുരക്ഷ ശക്തമായി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നും മജിസ്‌ട്രേറ്റിന് മുമ്പിൽ വച്ച് മൃതദേഹം പരിശോധിക്കുമെന്നും എസ്.പി അറിയിച്ചു.