muhammed-riyas

തിരുവനന്തപുരം: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ എട്ട് വര്‍ഷമായി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പ്രശ്‌നമാണ് യുഡിഎഫ് നേതാക്കളുടെ അസുഖം. അവരുടെ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മദ്യ നയത്തില്‍ പ്രാഥമിക ആലോചനകള്‍ പോലും നടന്നിട്ടില്ല. കോഴ ആരോപണത്തെ കുറിച്ച് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലാത്ത കാര്യത്തില്‍ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോ കഥ പറയുകയാണ് യുഡിഎഫ് നേതാക്കളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രി മുഹമ്മദ് റിയാസിനും മദ്യനയ അഴിമതിയില്‍ പങ്കുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിലവിലെ മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത് മുഹമ്മദ് റിയാസാണെന്നും ഇടപെടല്‍ ഉണ്ടായത് അദ്ദേഹത്തിന് വേണ്ടിയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

ഇതെല്ലാം നടന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമാണ് യുഡിഎഫ് വാദം.