smoking

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം പുകവലിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും യുവതികള്‍ക്കിടയിലെ പുകവലി ശീലം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇന്ത്യ ടുബാക്കോ കണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ യുവതികളിലെ പുകവലിയില്‍ രണ്ടിരട്ടി വര്‍ദ്ധനവുണ്ടായതായി പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വസ്തുത പ്രായമായ സ്ത്രീകള്‍ തങ്ങളുടെ പുകവലി ശീലം ഉപേക്ഷിക്കുമ്പോഴും കൗമാരക്കാരികളില്‍ പുകവലി വര്‍ദ്ധിക്കുന്നുവെന്നതാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി പെണ്‍കുട്ടികളിലും യുവതികളിലും പുകവലി ശീലം വര്‍ദ്ധിച്ചിട്ടുണ്ട്. 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 3.8 ശതമാനം വര്‍ദ്ധനവാണ് പുകവലിക്കുന്ന യുവതികളുടെ കണക്കില്‍ രേഖപ്പെടുത്തുന്നത്. ഇത് ഇപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ ആണ്‍കുട്ടികളിലെ പുകവലി ശീലത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് 2.3 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം പുകവലിക്കാരുടെ എണ്ണം കുറയുമ്പോഴാണ് യുവതികള്‍ക്കിടയില്‍ ഈ ശീലം വര്‍ദ്ധിക്കുന്നത്.

മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ പുരുഷന്‍മാരില്‍ പുകവലി ഉപേക്ഷിച്ചത് 2.2 ശതമാനവും സ്ത്രീകളില്‍ 0.4 ശതമാനവുമാണ്. 2017ല്‍ രാജ്യത്തെ പുകവലിക്കുന്ന സ്ത്രീകളുടെ കണക്ക് 1.5 ശതമാനമായിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നു. യുവതലമുറയിലെ പെണ്‍കുട്ടികളിലും യുവതികളിലും പുകവലി ശീലം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണിതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

യുവതികളിലെ പുകവലി ശീലം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വളരെ വേഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് സമാനമായ പക്വത യുവതികള്‍ ആര്‍ജ്ജിക്കുന്നതിനാലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിക്കുന്നത് ഒരു അന്തസ്സായി കാണുന്ന യുവതികളുടെ എണ്ണവും കൂടിവരുന്നുണ്ട്. മാനസിക സമ്മര്‍ദ്ദവും യുവതികള്‍ക്കിടയില്‍ ശീലം വര്‍ദ്ധിക്കുന്നതിന് ഒരു കാരണമായി പറയപ്പെടുന്നു.

സ്ത്രീശാക്തീകരണത്തിന്റെ അടയാളമെന്നും ഫാഷനെന്നും തെറ്റിദ്ധരിച്ചും നിരവധി യുവതികള്‍ ഈ ശീലത്തിന് അടിപ്പെടുന്നു. സിനിമകളിലും ടിവി ചാനലുകളിലെ പരിപാടികളിലും പുകവലി ദൃശ്യങ്ങള്‍ സ്ഥിരമായി കാണിക്കുന്നതും പെണ്‍കുട്ടികളെ പുകവലിക്കുന്നതിന് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 മുതല്‍ പുകവലി സീനുകള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് വേണമെന്ന നിയമം തിയറ്ററുകളിലും ചലച്ചിത്രങ്ങളിലും നിര്‍ബന്ധമാക്കിയ ഘട്ടത്തില്‍ പുകവലിയുടെ അളവ് കുറഞ്ഞിരുന്നു.

എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടാതിരിക്കുന്നതും ഈ കാലഘട്ടത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ വര്‍ദ്ധനവും പുകവലിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഒടിടികള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കാനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍മാരില്‍ ഒരാളും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞയുമായ മോണിക്ക അറോറ പറയുന്നു.

ലിംഗവ്യത്യാസം കുറഞ്ഞ് വരുന്നതും പുരുഷന്‍ ചെയ്യുന്നതെന്തും തങ്ങള്‍ക്കും സാദ്ധ്യമാണെന്ന ചിന്താഗതിയും നല്ലൊരു വിഭാഗം സ്ത്രീകളില്‍ പുകവലി ശീലം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം പുകവലി കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പുരുഷന്‍മാരേക്കാള്‍ ബോധ്യമുള്ളവരാണ് സ്ത്രീകളെന്നതും ഈ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത് വായിക്കണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നുവെന്ന് സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ബോദ്ധ്യമുള്ളതാണ്.

(നിയമപരമായ മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരമാണ്, അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും.)